അന്റാർട്ടിക്കയിൽ എംപറർ പെൻഗ്വിനുകളുടെ എണ്ണം കുറയുന്നു

പാരിസ്: മുന്‍പ് കരുതിയിരുന്നതിനെക്കാള്‍ വേഗത്തിൽ അന്റാര്‍ട്ടിക്കയില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണം കുറയുന്നതായി പഠനം. ഉപഗ്രഹങ്ങളുപയോഗിച്ച് നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ കണ്ടെത്തല്‍. ലോകത്തിലെ ഏറ്റവും വലിയ പെന്‍ഗ്വിന്‍ സ്പീഷിസുകളിലൊന്നാണ് എംപറര്‍ പെന്‍ഗ്വിന്‍. അന്റാര്‍ട്ടിക്ക പെനിന്‍സുല, വെഡ്ഡല്‍ സമുദ്രം, ബെല്ലിങ്‌സ്ഹൗസന്‍ സമുദ്രം എന്നിവിടങ്ങളിലെ 16 പെന്‍ഗ്വിന്‍ കോളനികളാണ് ഗവേഷകര്‍ പഠനത്തിന് വിധേയമാക്കിയത്.

നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്: എര്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ 2024 വരെയുള്ള കഴിഞ്ഞ 15 വര്‍ഷക്കാലയളവില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ 22 ശതമാനം കുറവ് രേഖപ്പെടുത്തിയതായി പഠനം പറയുന്നു. മുന്‍പ് 2009-നും 2018-നുമിടയിലുള്ള കാലയളവില്‍ എംപറര്‍ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ 9.5 ശതമാനം കുറവുണ്ടായതായാണ് കരുതപ്പെട്ടിരുന്നത്.

ആഗോളതാപനത്തെ തുടര്‍ന്നുണ്ടാകുന്ന മഞ്ഞുരുകലാണ് എംപറര്‍ പെന്‍ഗ്വിനുകളുടെ അതിജീവനത്തിന് തടസ്സമാകുന്നത്. 2009-ല്‍ പെന്‍ഗ്വിനുകളുടെ എണ്ണം രേഖപ്പെടുത്താന്‍ ആരംഭിച്ചതുമുതല്‍ പെന്‍ഗ്വിനുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി തുടങ്ങിയതായും പുതിയ പഠനം പറയുന്നു.

സമീപകാലത്ത് എംപറര്‍ പെന്‍ഗ്വിനുകളുടെ കോളനികളിലെ പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങിയതും എണ്ണം കുറയലിലേക്ക് നയിച്ചു. തണുത്തുറഞ്ഞ സമുദ്രത്തോട് പൊരുത്തപ്പെടാനാകാതെ പ്രായമെത്തും മുന്‍പേ ചില പെന്‍ഗ്വിന്‍ കുഞ്ഞുങ്ങള്‍ മുങ്ങിമരിക്കുകയാണുണ്ടായത്. മഞ്ഞുരുകുന്നത് തന്നെയാണ് ഇതിനും കാരണമാകുന്നത്. പെന്‍ഗ്വിനുകള്‍ ജീവിക്കുകയും പുനരുത്പാദനം നടത്തുകയും ചെയ്യുന്ന മഞ്ഞിലുണ്ടാകുന്ന മാറ്റങ്ങളാണ് എംപറര്‍ പെന്‍ഗ്വിനുകളുടെ അതിജീവനത്തിന് തടസ്സമാകുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഇവിടെയും വില്ലനാകുന്നതെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വേയിലെ (ബിഎഎസ്) ഗവേഷകര്‍ പറയുന്നു.

ആണ്‍ എംപറര്‍ പെന്‍ഗ്വിന്‍ സൂക്ഷിക്കുന്ന മുട്ടയില്‍നിന്നാണ് കുഞ്ഞുങ്ങള്‍ വിരിയുക. ആസമയം ഇരതേടിയുള്ള യാത്രയിലാകും പെണ്‍ എംപറര്‍ പെന്‍ഗ്വിന്‍. കോളനിയില്‍ തിരിച്ചെത്തുന്ന പെണ്‍ എംപറര്‍ പെന്‍ഗ്വിന്‍ കുഞ്ഞിന് ഭക്ഷണം നല്‍കും. കുഞ്ഞുങ്ങള്‍ സ്വന്തമായി അതിജീവിക്കണമെങ്കില്‍ വെള്ളത്തെ അതിജീവിക്കുന്ന തൂവലുകള്‍ (വാട്ടര്‍പ്രൂഫ് ഫെതറുകള്‍) ഇവയ്ക്കുണ്ടാകണം. കാലാവസ്ഥാ വ്യതിയാനമെന്ന വെല്ലുവിളി നേരിടാതെ എംപറര്‍ പെന്‍ഗ്വിനുകളെ രക്ഷിക്കാന്‍ കഴിയില്ലെന്നും പഠനം പറയുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *