Your Image Description Your Image Description

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധനേടുന്ന താരപുത്രനാണ് മാധവ് സുരേഷ്. പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഇം​ഗ്ലീഷ് ഉച്ചാരണവുമെല്ലാം മലയാളികൾക്കിടയിൽ ഏറെ ചർച്ചയായി കഴിഞ്ഞു. നിലവിൽ അച്ഛൻ സുരേഷ് ​ഗോപിയ്ക്ക് ഒപ്പമുള്ള ജെഎസ്കെ എന്ന ചത്രമാണ് മാധവിന്റേതായി റിലീസ് ചെയ്തിരിക്കുന്നത്. ഈ അവസരത്തിൽ അച്ഛനെ കുറിച്ചും വിമർശനങ്ങളെയും പറ്റി മാധവ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. തന്റെ മനസിൽ അച്ഛൻ എന്നും രാജാവാണെന്നും വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ വിമർശിക്കുന്നവർക്ക് ആരാണ് അധികാരം കൊടുത്തതെന്നും മാധവ് ചോദിക്കുന്നു. താൻ ഇനിയും പ്രതികരിച്ചോണ്ടേയിരിക്കുമെന്നും മാധവ് പറഞ്ഞു.

“എന്റെ മനസിൽ എന്നും എന്റെ രാജാവാണ് അച്ഛൻ. ഒന്നും ആലോചിക്കാതെ അച്ഛൻ ഒന്നും ചെയ്യാറില്ല. എല്ലാവർക്കും ഉണ്ടാകുന്ന തെറ്റുകൾ അദ്ദേഹത്തിനും ഉണ്ടായിട്ടുണ്ട്. സ്വന്തം നേട്ടം മാറ്റിവച്ചിട്ടാണെങ്കിലും മറ്റൊരാൾക്ക് നല്ലത് കിട്ടുന്നെങ്കിൽ അത് പോയി ചെയ്യുന്ന ആളാണ്. അത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. ആരെയും ദ്രോഹിക്കാൻ വേണ്ടിയല്ല കഴിവതും എല്ലാവർക്കും നല്ലത് ചെയ്യാൻ ആ​ഗ്രഹിക്കുന്ന വ്യക്തിയാണ്. സ്വന്തം പോക്കറ്റിൽ നിന്നും കാശെടുത്താണ് മറ്റുള്ളവർക്ക് വേണ്ടി പല കാര്യങ്ങളും ചെയ്യുന്നത്. അങ്ങനെ എത്രപേർ ചെയ്യുമെന്ന് എനിക്കറിയില്ല. പിള്ളേരെ അച്ഛന് ഭയങ്കര ഇഷ്ടമാണ്. എനിക്ക് എന്നും സൂപ്പർ സ്റ്റാർ സുരേഷ് ​ഗോപിയെ തന്നെയാണ് ഇഷ്ടം. രാഷ്ട്രീയത്തോട് അത്ര താല്പര്യമില്ലാത്ത ആളാണ് ഞാൻ”, എന്ന് മാധവ് സുരേഷ് പറയുന്നു.

വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന്, “അച്ഛൻ പറയുന്നത് ഇതെന്റെ കരിയറാണ്. ഞാൻ ചൂസ് ചെയ്തതാണ്. പ്രതികരിക്കരുതെന്നാണ്. നിങ്ങള് മിണ്ടാതിരുന്നോളണം എന്നാണ് പറഞ്ഞിരിക്കുന്നത്. എല്ലാം കേട്ട് മിണ്ടാതിരിക്കാൻ ഞങ്ങൾ മക്കൾക്ക് പറ്റുകയും ഇല്ല. ഞാനും എന്റെ സഹോദരങ്ങളും മനുഷ്യരാണ്. മാതാപിതാക്കളെ പറ്റി ഓരോന്ന് പറയുമ്പോൾ, ഒരു പരിതി കഴിയുമ്പോൾ പ്രതികരിക്കും. അച്ഛനെ പറയുന്നത് വീണ്ടും മനസിലാക്കാം. പക്ഷേ എന്റെ വീട്ടിലിരിക്കുന്ന അമ്മയെ പറയാൻ ഇവന്മാർക്കൊക്കെ ആരാ അധികാരം കൊടുക്കത്തത്. അമ്മയെ പറയുന്നത് എപ്പോഴും ചിരിച്ച് വിട്ടെന്ന് വരില്ല. ഈ വിമർശിക്കുന്നവരെ പ്രസവിച്ചത് ഒരമ്മയാണ്. അവരെ ആലോചിച്ചിട്ട് വേണം മറ്റുള്ള സ്ത്രീകളെയും അമ്മമാരെയും പറയാൻ. ആ ബോധം പലർക്കും ഇവിടെ ഇല്ല. ഞാൻ പ്രതികരിച്ചോണ്ടേ ഇരിക്കും”, എന്നായിരുന്നു മാധവിന്റെ മറുപടി.

Related Posts