Your Image Description Your Image Description

ബെംഗളൂരു: എൻട്രൻസ് ടെസ്റ്റ് എഴുതാനെത്തിയ വിദ്യാര്‍ഥികളുടെ പൂണൂല്‍ ഊരിമാറ്റാന്‍ ആവശ്യപ്പെട്ടു. ഉദ്യോ​ഗസ്ഥനെതിരെ കേസെടുത്ത് പോലീസ്. ഹിജാബ് വിവാദത്തിനു പിന്നാലെ കര്‍ണാടകയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ശിവമോഗ ജില്ലയിലെ ശരാവതിനഗരയിലുള്ള ആദിചുഞ്ചനഗിരി സ്കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാർത്ഥികളാണ് സിഇടി പരീക്ഷാ നടത്തിപ്പ് ഉദ്യോഗസ്ഥനെതിരെ ആരോപണമുന്നയിച്ചിരിക്കുന്നത്. കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) എഴുതുന്ന വിദ്യാർത്ഥികളുടെ പൂണൂൽ ഊരിമാറ്റാൻ ആവശ്യപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

നടരാജ് ഭഗവത് എന്നയാള്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 2023 ലെ ബിഎൻഎസ് സെക്ഷൻ 115(2), 299, 351(1), 352, സെക്ഷൻ 3(5) പ്രകാരമാണ് എഫ്‌ഐആർ ഫയൽ ചെയ്തിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മതചിഹ്നങ്ങൾ നീക്കം ചെയ്യാൻ വിദ്യാർത്ഥികളോട് നിർദ്ദേശിച്ചതായി പറയപ്പെടുന്ന സാഹചര്യത്തെക്കുറിച്ച് അറിയാൻ അധികൃതർ വിഷയത്തിൽ അന്വേഷണം ആരംഭിച്ചു.

സംഭവം നിർഭാഗ്യകരമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. എം.സി. സുധാകർ പ്രതികരിച്ചു. ബിദറിലെ ഒരു പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഇത്തരം പരാതികൾ ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. സംസ്ഥാനത്തുടനീളമുള്ള മറ്റ് മിക്ക കേന്ദ്രങ്ങളിലും പരീക്ഷാ പ്രക്രിയ സുഗമമായി നടന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ സംഭവം വളരെ നിർഭാഗ്യകരമാണ്. ശിവമോഗയിൽ മാത്രമല്ല, ബിദറിലും ഇത് സംഭവിച്ചു. രണ്ട് കേന്ദ്രങ്ങൾ ഒഴികെ മറ്റെല്ലായിടത്തും പരീക്ഷ സുഗമമായി നടന്നു. പരീക്ഷ എഴുതാനെത്തുന്നവരുടെ പൂണൂല്‍ നീക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ല. ഞങ്ങൾ എല്ലാ മതങ്ങളെയും അവരുടെ വിശ്വാസത്തെയും ബഹുമാനിക്കുന്നു. അംഗീകരിക്കാനാകാത്ത സംഭവമാണ് നടന്നത്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോമൺ എൻട്രൻസ് ടെസ്റ്റ് (സിഇടി) മേൽനോട്ടം വഹിക്കുന്ന കർണാടക പരീക്ഷാ അതോറിറ്റി (കെഇഎ) ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറപ്പെടുവിച്ചിട്ടില്ല. സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷമായ ബിജെപിയും ബ്രാഹ്മണ സംഘടനകളും രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts