Your Image Description Your Image Description

മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ഡിയോറിയിലുള്ള സർക്കാർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പാമ്പ് ശല്യം. കഴിഞ്ഞ 15 ദിവസത്തിനിടെ സ്കൂൾ പരിസരത്ത് നിന്ന് 25 മൂർഖൻ കുഞ്ഞുങ്ങളെയാണ് പിടികൂടിയത്. ഇത് ആയിരത്തിലധികം വരുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും കടുത്ത ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാമ്പുകളെ കൂടുതലായി കണ്ട നാല്, അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെടെ അഞ്ച് ക്ലാസ് മുറികൾ അടച്ചിടാൻ സ്കൂൾ അധികൃതർ നിർബന്ധിതരായി.

തറകൾ കുഴിച്ച് കോൺക്രീറ്റ് ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്ന് പ്രിൻസിപ്പൽ അജയ് നാഗരിയ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. മറഞ്ഞിരിക്കുന്ന പാമ്പുകളുടെ കൂടുകൾ അടയ്ക്കുന്നതിനായി തൊഴിലാളികൾ തറ പൊളിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.

ക്ലാസ് മുറികൾ അടച്ചതോടെ വിദ്യാർത്ഥികൾ ഇപ്പോൾ വരാന്തകളിൽ ഇരുന്ന് പഠനം തുടരുകയാണ്. ജീവനക്കാർ ജാഗ്രതയോടെ ഇവരെ നിരീക്ഷിക്കുന്നുണ്ട്. ക്യാമ്പസിന് ചുറ്റും കീടനാശിനികൾ തളിക്കുകയും ചുറ്റുമുള്ള കുറ്റിക്കാടുകൾ നീക്കം ചെയ്യുകയും ചെയ്തിട്ടും പാമ്പുകളുടെ വരവിന് തടയിടാൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ പറയുന്നു. ശനിയാഴ്ചയും രണ്ട് പാമ്പുകളെ പിടികൂടി.

Related Posts