Home » Blog » Kerala » സർക്കാറിനെയും മുഖ്യമന്ത്രിയെയും വിമർശിച്ച ചാനലിനെ വിലക്കി; വിജയ് സർക്കാറിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവർത്തകരും പ്രതിപക്ഷവും
6

ചെന്നൈ: മുഖ്യമന്ത്രി വിജയിയെ വിമർശിച്ച ചാനലിനെതിരെ നടപടിയുമായി സർക്കാർ. തമിഴ്‌നാട്ടിലെ വാർത്താ ചാനലായ ‘പുതിയ തലമുറൈ’ക്കെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. സർക്കാരിന്റെ ഔദ്യോഗിക കേബിൾ നെറ്റ്‌വർക്കായ തമിഴ്‌നാട് അരശ് കേബിൾ ടിവിയിൽ നിന്ന് ചാനലിനെ നീക്കം ചെയ്തു. നോട്ടിസ് നൽകാതെയാണ് ചാനൽ നീക്കിയതെന്നാണ് ആരോപണം.

സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസം ചാനൽ നടത്തിയിരുന്നത്. ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പൊലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചായിരുന്നു റിപ്പോർട്ട്. ഡൽഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയതും ചാനൽ വിമർശിച്ചിരുന്നു.

മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും പുതിയ തലമുറൈ ചാനൽ ആരോപിച്ചു. സംപ്രേഷണം തടഞ്ഞതിൽ ‌ചെന്നൈയിലെ മാധ്യമപ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധവുമായി പ്രതിപക്ഷവും രം​ഗത്തെത്തി.