Home » Blog » kerala Max » സ്വകാര്യ വ്യക്തികളുടെ ചിലവിൽ വിമാനയാത്രയും വിദേശയാത്രയും ; വിവാദയാത്രകളിൽ കുടുങ്ങി മുഖ്യമന്ത്രിയും മന്ത്രിമാരും
3

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രകൾക്ക് സ്വകാര്യ വ്യക്തികളുടെയോ സുഹൃത്തുക്കളുടെയോ സഹായം ലഭിക്കുന്നുവെന്ന ആരോപണങ്ങൾ വിവാദമായതോടെ സർക്കാരിനെതിരെ പ്രതിപക്ഷ വിമർശനം ശക്തമാകുന്നു. മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശന്റെ ചാർട്ടേഡ് വിമാനയാത്രയും മന്ത്രിമാരുടെ വിദേശയാത്രകളും ആഡംബരവാഹന ഉപയോഗവുമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പ്രധാന വിവാദങ്ങൾ.

മുഖ്യമന്ത്രി വി.ഡി. സതീശൻ മലപ്പുറത്തെ മഴക്കെടുതി വിലയിരുത്താൻ ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്തതാണ് ഏറ്റവും ഒടുവിൽ വിവാദമായത്. കരിപ്പൂരിലേക്ക് സാധാരണ വിമാന സർവീസുകൾ ലഭ്യമല്ലാത്തതിനാലാണ് അടിയന്തര യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചിരുന്നു. സർക്കാരിന്റെ അഭ്യർഥന പരിഗണിച്ച് സ്വകാര്യ വിമാനം സൗജന്യമായി ലഭിച്ചതാണെന്നും സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നുമാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്.

എന്നാൽ, ഔദ്യോഗിക ആവശ്യത്തിനുള്ള യാത്രയ്ക്ക് സ്വകാര്യമായി വിമാനം ലഭിച്ചതിലെ സുതാര്യതയെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. യാത്രയ്ക്ക് ആരാണ് ചെലവ് വഹിച്ചതെന്നും സൗജന്യമായി വിമാനം നൽകിയ വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിവരങ്ങൾ എന്തുകൊണ്ട് പുറത്തുവിടുന്നില്ലെന്നുമാണ് വിമർശനം. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ വാടകയ്ക്കെടുത്തിരുന്ന ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ മുൻ യാത്രകളും നേരത്തെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാനാണ് യാത്രയെന്ന ആരോപണം ഉയർന്നപ്പോൾ നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു യാത്രയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

ഇതിനിടെ മന്ത്രി കെ.എം. ഷാജി സുഹൃത്തിന്റെ ആഡംബര റേഞ്ച് റോവർ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചതും വിവാദമായി. സർക്കാർ നമ്പറും ഔദ്യോഗിക കൊടിയും ഉപയോഗിച്ചുള്ള സ്വകാര്യ വാഹനയാത്രയെ സി.പി.എം. വിമർശിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കൂടിയായ മന്ത്രി സണ്ണി ജോസഫ് ഉൾപ്പെടെയുള്ളവർ വാഹന ഉപയോഗത്തെ ന്യായീകരിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *