Home » Blog » kerala Max » സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവന: ഒടുവിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോൺ
9

സ്ത്രീകള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍. വാക്കുകള്‍ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നുവെന്നും തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.ആര്‍.ടി.സിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയതുമായി ബന്ധപ്പെട്ട പരാമര്‍ശമാണ് വിവാദമായത്.

അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും സര്‍ക്കാരിന് സ്ത്രീകളോട് യാതൊരു വിവേചനവുമില്ലെന്നും സൗജന്യയാത്ര സ്ത്രീകളുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു. ഖേദം പ്രകടിപ്പിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോ എന്ന ചോദ്യത്തിന്, ആരും ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രിയദര്‍ശിനി പദ്ധതി യു.ഡി.എഫിന്റെ അഭിമാനകരമായ പദ്ധതിയാണെന്നും, പ്രതിപക്ഷ വിമര്‍ശനങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തില്‍ കടുത്ത ദാരിദ്ര്യമുണ്ടെന്നും പ്രിയദർശിനി അത് ലഘൂകരിക്കാനുള്ള മാർഗമാണെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയല്ല. കൂടുതൽ ആളുകൾ ബസുകളിൽ കയറുന്ന ഇടങ്ങളിൽ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്നും, ബസുകൾക്ക് പഴക്കമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

സ്വകാര്യ ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവേയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഫീസ് നല്‍കി കുട്ടികളെ സ്വകാര്യ സ്‌കൂളിലേക്ക് അയക്കുന്ന സ്ത്രീകള്‍ കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്രയ്ക്കായി ദരിദ്രരായി അഭിനയിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ. സര്‍ക്കാര്‍ സ്‌കൂളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോൾ, ഫീസ് കൊടുക്കേണ്ട സ്‌കൂളുകളിലേക്ക് കുട്ടികളെ വിടുകയും, എന്നാൽ ബസ് യാത്രാക്കൂലിയുടെ കാര്യത്തിൽ ദാരിദ്ര്യം നടിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പണമില്ലാത്തവര്‍ സൗജന്യ ചികിത്സ തേടുകയും, അതേസമയം കെ.എസ്.ആർ.ടി.സി വന്നപ്പോള്‍ സൗജന്യത്തിനായി തള്ളിക്കയറുന്നതും കുടുംബിനികളുടെ കയ്യില്‍ പണമില്ലാത്തതുകൊണ്ടാണെന്നും മന്ത്രി സൂചിപ്പിച്ചു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം തന്നെ അതിശയിപ്പിക്കുന്നുവെന്നും പണക്കാര്‍ പരമദരിദ്രരായി അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രസംഗം പുറത്തുവന്നതിന് പിന്നാലെ മന്ത്രിക്ക് എതിരെ വ്യാപക വിമര്‍ശനമാണ് പ്രതിപക്ഷത്തുനിന്നും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നത്.