Home » Blog » Business » സ്റ്റാർ ഹെൽത്തിന്റെ  അറ്റാദായം  550 കോടി രൂപയായി ഉയർന്നു
1

കൊച്ചി: രാജ്യത്തെ  ഏറ്റവും വലിയ സ്റ്റാൻഡ് എലോൺ ഹെൽത്ത് ഇൻഷുറൻസ് കമ്പനിയായ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചു. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 25 ശതമാനം വർധിച്ച് 550 കോടി രൂപയിലെത്തി. മികച്ച പ്രീമിയം വളർച്ചയും കാര്യക്ഷമമായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് കരുത്തേകിയത്. കമ്പനിയുടെ അണ്ടർറൈറ്റിംഗ് ലാഭം മുൻ വർഷത്തെ 16 കോടി രൂപയിൽ നിന്ന് കുതിച്ചുയർന്ന് 111 കോടി രൂപയായിട്ടുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തെ ഒന്നാം പാദത്തിൽ 9.6 ലക്ഷം ക്ലെയിമുകളാണ് സ്റ്റാർ ഹെൽത്ത് പരിഹരിച്ചത്. റീട്ടെയിൽ ക്ലെയിം സെറ്റിൽമെന്റ് അനുപാതം 1 ശതമാനം മെച്ചപ്പെട്ട്  91 ശതമാനത്തിലെത്തി. കമ്പനിയുടെ നെറ്റ് പ്രൊമോട്ടർ സ്കോർ 12 പോയിന്റ് ഉയർന്ന് 65 ആയി. കമ്പനിയുടെ പുതിയ പോളിസികളിൽ 97 ശതമാനവും ഡിജിറ്റൽ വഴിയാണ് സമാഹരിച്ചത്. ഡിജിറ്റൽ ഡി2സി  ചാനൽ വഴിയുള്ള റീട്ടെയിൽ വിൽപ്പനയിൽ 142 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി.

ബിസിനസ് ആവശ്യങ്ങൾക്കായി തയ്യാറാക്കിയ എഐ പ്ലാറ്റ്‌ഫോമായ ആറ്റം പ്രോയ്ക്ക് മികച്ച ഇൻഷുർടെക് ഉൽപ്പന്നത്തിനുള്ള എക്കണോമിക് ടൈംസ് പുരസ്കാരം ലഭിച്ചു.  ഇടപാടുകാർക്ക് സ്വയം സേവനങ്ങൾ ലഭ്യമാക്കുന്ന സ്റ്റാർ ഹെൽത്ത് കസ്റ്റമർ ആപ്പ് ഇതുവരെ 14.7 ദശലക്ഷം പേർ ഡൗൺലോഡ് ചെയ്യുകയും പ്രതിമാസം 1.5 ദശലക്ഷത്തിലധികം പേർ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.

കമ്പനിയുടെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെയും കൃത്യതയാർന്ന പ്രവർത്തന മികവിന്റെയും ഫലമാണ് ഒന്നാം പാദത്തിലെ മികച്ച പ്രകടനമെന്ന് സ്റ്റാർ ഹെൽത്ത് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ആനന്ദ് റോയ് വ്യക്തമാക്കി. ഡിജിറ്റൽ സംവിധാനങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളിലുമുള്ള നിരന്തരമായ നിക്ഷേപങ്ങൾ ഇടപാടുകാർക്ക് കൂടുതൽ കാര്യക്ഷമവും അതിവേഗത്തിലുള്ളതുമായ സേവനങ്ങൾ ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തുടനീളം 900-ലധികം ബ്രാഞ്ചുകൾ, 8.5 ലക്ഷത്തിലധികം ഏജന്റുമാർ, 16,000-ലധികം നെറ്റ്‌വർക്ക് ആശുപത്രികൾ, 18,500-ലധികം ജീവനക്കാർ എന്നിവരടങ്ങുന്ന വിപുലമായ സേവന ശൃംഖല കമ്പനിക്കുണ്ട്.