Home » Blog » Education » സ്കൂൾ അധ്യാപകർക്ക് ‘ടെറ്റ്’ നിർബന്ധമാക്കി സുപ്രീംകോടതി
9

ന്യൂഡൽഹി: രാജ്യത്തെ സ്കൂൾ അധ്യാപകർക്ക് ടെറ്റ് യോഗ്യതാ നിർബന്ധമാക്കി സുപ്രീംകോടതി. വിരമിക്കാൻ അഞ്ച് വർഷത്തിൽ കൂടുതൽ ശേഷിക്കുന്ന അധ്യാപകരും ടെറ്റ് പാസാകണം. രണ്ട് വർഷത്തിനുള്ളിൽ യോഗ്യതാ പരീക്ഷ പാസാകണമെന്ന നിബന്ധന മൂന്ന് വർഷമാക്കി കോടതി ഉയർത്തി. ഒന്നു മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ അധ്യാപക യോഗ്യതാ പരീക്ഷ പാസാകണമെന്നായിരുന്നു 2025 സെപ്റ്റംബർ ഒന്നിലെ സുപ്രീം കോടതി വിധി. ഇതിനെതിരെ സംസ്ഥാന സർക്കാരും അധ്യാപകരുമുൾപ്പെടെ നൽകിയ പുനഃപരിശോധനാ ഹർജി തള്ളിയാണ് കോടതി ഉത്തരവ്.

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള കോടതിയുടെ അസാധാരണ അധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രീംകോടതി അധ്യാപക യോഗ്യത പരീക്ഷ നിർബന്ധമാക്കിയത്. സർവീസിൽ അഞ്ച് വർഷത്തിൽ കൂടുതൽ ബാക്കിയുള്ള അധ്യാപകർ രണ്ട് വർഷത്തിനുള്ളിൽ ടെറ്റ് യോഗ്യത നേടണമെന്നും, അല്ലാത്തപക്ഷം സർവീസിൽ നിന്നും വിരമിക്കേണ്ടി വരുമെന്നുമായിരുന്നു കോടതിയുടെ സുപ്രധാന വിധി.  ഈ വിധി നിലവിലുള്ള അധ്യാപകർക്ക് വലിയ പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് സുപ്രീംകോടതിയിൽ 45-ഓളം പുനഃപരിശോധനാ ഹർജികൾ സമർപ്പിക്കപ്പെട്ടത്. എന്നാൽ ഹർജികൾ തള്ളിയ കോടതി രണ്ട് വർഷമെന്നത് മൂന്നു വർഷത്തെ കാലാവധിയായി ഉയർത്തി.