Home » Blog » kerala Max » ‘സൌജന്യ യാത്രയ്ക്ക് സതീശൻ വീട്ടിൽ നിന്ന് പണം തരണം’; കെ.എസ്.ആർ.ടി.സി വിവാദത്തിൽ വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് എം.എം. മണി
mm-mani-680x450

സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾക്കെതിരെ പരിഹാസവും വിമർശനവുമായി എം.എം. മണി. ജൂൺ 15 മുതൽ കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കാനുള്ള തീരുമാനത്തെയാണ് മണി വിമർശിച്ചത്.

സൗജന്യ യാത്ര പ്രഖ്യാപിക്കാൻ എളുപ്പമാണെന്നും എന്നാൽ അതിനുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് സതീശൻ കാണിച്ചുതരണമെന്നും മണി വെല്ലുവിളിച്ചു. “സൗജന്യ യാത്ര നടത്തണമെന്നുണ്ടെങ്കിൽ സതീശൻ സ്വന്തം വീട്ടിൽ നിന്ന് പണം കൊണ്ടുവരട്ടെ. പണം എങ്ങനെ ഉണ്ടാക്കുമെന്ന് നമുക്ക് കാണാം.” – എം.എം. മണി പരിഹസിച്ചു. ഗാന്ധിജിയെ കൊന്നവരുടെ കൈകളിൽ രാജ്യം എത്തിച്ചു കൊടുത്തവരാണ് സതീശന്റെ പാർട്ടിയെന്ന് മണി ആരോപിച്ചു. അങ്ങനെയുള്ളവർ കൊണ്ടുവരുന്ന വികസന മാതൃകകൾ എങ്ങനെയുള്ളതാണെന്ന് കാത്തിരുന്ന് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ പാർട്ടി കമ്മിറ്റികളിൽ വിമർശനം ഉയർന്നുവെന്ന വാർത്തകളെ അദ്ദേഹം തള്ളിപ്പറഞ്ഞു. പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയതിൽ പാർട്ടിക്കുള്ളിൽ ആർക്കും എതിർപ്പില്ല. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള വിമർശനങ്ങളിൽ കാര്യമില്ല. തിരഞ്ഞെടുപ്പിൽ തോറ്റതുകൊണ്ട് ഞങ്ങളെ ഒരു പുല്ലും ചെയ്യാൻ ആർക്കും കഴിയില്ല. മുണ്ടും മടക്കിക്കുത്തി തന്നെ ഞങ്ങൾ ഇവിടെയുണ്ടാകും മണി വ്യക്തമാക്കി. വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തിലെ സുപ്രധാന തീരുമാനമായിരുന്നു സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര എന്നത്. ഈ പ്രഖ്യാപനം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായിരിക്കെയാണ് എം.എം. മണിയുടെ വിവാദ പ്രതികരണം പുറത്തുവരുന്നത്.