Your Image Description Your Image Description

തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി തന്റെ സര്‍ക്കാരിന്റെ നടപടികളിൽ മൗനം തുടരുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ആരോപിച്ചു. ‘ജാനകി’ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിക്കെതിരെ സുരേഷ് ഗോപി തുടരുന്ന മൗനത്തിലാണ് കെ.സി വേണുഗോപാലിന്റെ വിമർശനം വന്നിരിക്കുന്നത്. തന്റെ ചോറാണ് സിനിമയെന്ന് നിരവധി വട്ടം നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി പറയുന്നത് കേട്ടിട്ടുണ്ട്. ആ ചോറിന് മുകളില്‍ താന്‍ കൂടി ഭാഗമായൊരു സംവിധാനം മണ്ണ് വാരിയിടുന്നത് കണ്ടിട്ടും അദ്ദേഹം നിശബ്ദനാണ്. മൗനം വെടിഞ്ഞ് സ്വന്തം സിനിമയ്ക്ക് വേണ്ടിയും സഹപ്രവര്‍ത്തകര്‍ക്കു വേണ്ടിയും മന്ത്രി ശബ്ദിക്കണമെന്നും വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

‘സിനിമയിലും സാഹിത്യത്തിലും തലക്കെട്ടും പേരും നിശ്ചയിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം അവയുടെ സൃഷ്ടക്കാള്‍ക്കുണ്ട്. അത് നിഷേധിക്കുന്നത് ഭരണഘടനയോടുള്ള അവഹേളനവും വെല്ലുവിളിയുമാണ്. രാമനും കൃഷ്ണനും സീതയും രാധയുമൊക്കെ ശീര്‍ഷകങ്ങളായും കഥാപാത്രങ്ങളുടെ പേരുകളായും പതിറ്റാണ്ടുകളോളമായി ഇന്ത്യന്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ ബഹുഭൂരിപക്ഷം വ്യക്തിനാമങ്ങളും ഹിന്ദു പുരാണങ്ങളില്‍ നിന്നുള്ളവയാണ്. ഇത്തരം പേരുകളടങ്ങിയ നിരവധി സിനിമകളും ഇറങ്ങിയിട്ടുമുണ്ട്. അന്നൊക്കെ സെന്‍സര്‍ ബോര്‍ഡിന്റെ അന്തസ്സ് കളയുന്ന നടപടിയെടുക്കാന്‍ അക്കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അനുവദിച്ചിട്ടില്ല.’’ – കെ.സി വേണുഗോപാല്‍ പറഞ്ഞു.

‘‘സെന്‍സര്‍ ബോര്‍ഡിന്റെ ഇന്നത്തെ നിലപാട് ആശങ്കയും ഭയവും സൃഷ്ടിക്കുന്നതാണ്. എമ്പുരാന്‍ സിനിമയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ശേഷം അതിലെ ഭാഗങ്ങള്‍ വെട്ടിമാറ്റേണ്ടിവന്നു. ബിജെപി ഈ രാജ്യത്തെ എവിടേക്കാണു കൊണ്ടുപോകുന്നത്? ആരെയൊക്കെ ഭയപ്പെട്ടാണ് ഓരോ കലാകാരന്മാരും തങ്ങളുടെ കലാസൃഷ്ടികള്‍ക്ക് രൂപം നല്‍കേണ്ടത് ? വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബന്ധപ്പെട്ട വകുപ്പും നിലപാട് വ്യക്തമാക്കണം. കോടതി വരെ കയറിയ ഈ വിഷയത്തില്‍ ഇപ്പോഴും കേന്ദ്രസര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നത് സംശയാസ്പദമാണ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത അജണ്ടയാണിത്. ഇഷ്ടമുള്ള ഭക്ഷണവും വസ്ത്രവും പേരും ഒടുവില്‍ കലാരൂപവും എന്നതിലേക്കാണ് ബിജെപിയുടെ കേന്ദ്ര ഭരണകൂടം ലക്ഷ്യമിടുന്നത്.’’ – കെ.സി വേണുഗോപാല്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts