
മധുര: തിരുപ്പരൻകുണ്ഡ്രം മലമുകളിലെ കൽത്തൂണിൽ കാർത്തിക ദീപം തെളിക്കണമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പായില്ല. നവംബർ 24-ന് കൽത്തൂണിൽ ഒരുതവണ ദീപം തെളിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും തമിഴ്നാട് സർക്കാർ അതിന് തയ്യാറായില്ല. പകരം ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള പരമ്പരാഗത സ്ഥലത്താണ് പൂജാരിമാർ ദീപം തെളിച്ചത്. ക്രമസമാധാന പ്രശ്നങ്ങളും നിരോധനാജ്ഞയുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിനുള്ള നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയ മധുര ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം നേരത്തേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ അറിയിച്ചിരുന്നു. എന്നാൽ കൽത്തൂണിൽ ദീപം തെളിക്കാത്തതിന്റെ കാരണം ഭരണകൂടമോ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പോ ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇരുസമുദായങ്ങളിൽനിന്നുമുള്ള സംഘങ്ങൾ വലിയ തോതിൽ ഒത്തുചേരാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് നവംബർ 23 തിങ്കളാഴ്ച രാത്രി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി നേതാക്കളായ എൽ. മുരുകൻ, നൈനാർ നാഗേന്ദ്രൻ എന്നിവരെയും പ്രദേശത്തേക്ക് പോകുന്നതിൽനിന്ന് തടഞ്ഞു.
സിക്കന്ദർ ബാദുഷ ദർഗയ്ക്ക് സമീപമുള്ള പുരാതന ശിലാസ്തംഭമായ ദീപത്തൂണിൽ ദീപം തെളിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദം. 2025 നവംബറിൽ നിയമ-ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ ഡി.എം.കെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു. ഇതിനെതിരെ ഭക്തനായ രാമ രവികുമാർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ദീപം തെളിക്കാൻ അനുമതി നൽകി. ഇതിനെതിരെ ടി.വി.കെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നവംബർ 20-ന് കേസ് പരിഗണിച്ച സുപ്രീംകോടതി നവംബർ 24-ന് ഒരുദിവസം ദീപത്തൂണിൽ ദീപം തെളിക്കാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ ഉത്തരവ് ഉണ്ടായിട്ടും ദീപം തെളിയിക്കാത്തത് പുതിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
