ഓണസദ്യയിൽ ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് പായസം. വ്യത്യസ്തതരമായ പായസങ്ങളാണ് ഉണ്ടാകാറ്. അട പ്രഥമൻ, കടല, പഴം, ചക്ക, അങ്ങനെ ഇഷ്ടമുള്ള വിഭവങ്ങൾ കൊണ്ട് പായസം ഉണ്ടാക്കുന്നു. ഇവിടെയും വ്യത്യസ്തമായ വിഭവങ്ങൾ കൊണ്ടുള്ള പായസം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
1. കിടിലൻ ചെറുപയര്‍ പരിപ്പ് പായസം ഉണ്ടാക്കാം

വേണ്ടുന്ന സാധങ്ങൾ:
ചെറുപയര്‍ പരിപ്പ് – 250 ഗ്രാം
തേങ്ങ – 2 എണ്ണം
ശര്‍ക്കര – 500 ഗ്രാം
ചുക്ക് പൊടി – കാല് ടീസ്പൂണ്‍
ഏലയ്ക്ക പൊടി – അര ടീസ്പൂണ്‍
ചെറിയ ജീരകം – ഒരു നുള്ള്
കശുവണ്ടി ആവശ്യത്തിന്
മുന്തിരിങ്ങ ആവശ്യത്തിന്
തേങ്ങാക്കൊത്ത് ആവശ്യത്തിന്
നെയ്യ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൗണ്‍ നിറമാകുന്നത് വരെ ചൂടാക്കുക. തണുത്തതിനുശേഷം വറുത്ത പരിപ്പ് ആറ് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കണം . അതിനു ശേഷം നന്നായി കഴുകിയ പരിപ്പ് തേങ്ങയുടെ മൂന്നാം പാലില്‍ വേവിയ്ക്കുക. ശര്‍ക്കര ഒരു പാത്രത്തില്‍ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കുക. വെന്ത പരിപ്പിലേയ്ക്ക് ശര്‍ക്കരപാനി ഒഴിക്കുക. അതിന് ശേഷം തേങ്ങയുടെ രണ്ടാം പാല് ചേര്‍ത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. കുറച്ച് നെയ്യ് ചേര്‍ത്ത് വീണ്ടും ഇളക്കുക . പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോള്‍ ഒന്നാം പാല് ചേര്‍ത്ത് ഇളക്കുക. ഏകദേശം 4-5 മിനിറ്റ് കഴിയുമ്പോള്‍ ജീരകപ്പൊടിയും, ഏലയ്ക്കായും , ചുക്ക് പൊടിയും ചേര്‍ത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.
അതിനുശേഷം നെയ്യില്‍ വറുത്ത കശുവണ്ടി, മുന്തിരിങ്ങ എന്നിവയും, നെയ്യില്‍ വറുത്ത തേങ്ങാക്കൊത്തും ചേര്‍ത്താല്‍ സ്വാദിഷ്ടമായ പരിപ്പുപായസം തയ്യാർ.
2. വേവിക്കാത്ത പപ്പായ പായസം

ആവശ്യമുള്ള സാധനങ്ങൾ:
പപ്പായ ചെറുത് (നന്നായി പഴുത്തത്) ഒന്ന്
തേങ്ങ – ഒന്ന്
ഈത്തപ്പഴം – 250 ഗ്രാം
ഏലക്ക (പൊടിച്ചത്) – നാലെണ്ണം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
ഉണക്ക മുന്തിരി – 50 ഗ്രാം
തയ്യാറാക്കുന്ന വിധം:
തേങ്ങ ചിരകി കുറച്ച് വെള്ളം ചേർത്ത് മിക്സിയില്‍ അടിച്ചു പാല് എടുക്കുക. ഈത്തപ്പഴം കുരു കളഞ്ഞ് വെക്കുക. പപ്പായ തൊലികളഞ്ഞ് രണ്ട് കഷണമാക്കി വെക്കുക. മുറിച്ചുവെച്ച പകുതി പപ്പായ നന്നേ ചെറിയ കഷ്ണങ്ങളാക്കി ഒരു പാത്രത്തില്‍ മാറ്റി വെക്കുക. ബാക്കി പപ്പായ മൂന്നിലൊന്നു തേങ്ങാപ്പാലില്‍ മിക്സിയിൽ അടിച്ച് ഒരു പാത്രത്തില്‍ ഒഴിക്കുക. ശേഷിക്കുന്ന തേങ്ങാപ്പാലിൽ പകുതിയും ഈത്തപ്പഴം കുറച്ചും ചേർത്ത് അടിച്ചു പപ്പായയുടെ കൂടെ ചേർക്കുക. ശേഷം ചെറുകഷണങ്ങളാക്കിയ പപ്പായയും ബാക്കി ഈത്തപ്പഴവും ബാക്കി തേങ്ങാപ്പാലും എല്ലാം കൂടി ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ഉണക്ക മുന്തിരിയും അണ്ടിപ്പരിപ്പും വറുത്ത് ചൂടാറിയശേഷം ഇതിലേക്ക് ചേർക്കുക. കൂടെ ഏലയ്ക്ക പൊടിയും ചേർത്ത് നന്നായി ഇളക്കുക. വേവിക്കാത്ത പപ്പായ പായസം തയ്യാർ.
3. എരിവും മധുരവുമായി ഇഞ്ചിപ്പായസം

ആവശ്യമുള്ളവ
നറുക്ക് ചമ്പാപച്ചരി റവ പോലെ പൊടിച്ചത് – ഒരു കപ്പ്
നെയ്യ് – ആവശ്യത്തിന്
തിളച്ച വെള്ളം – 5 കപ്പ്
ഇഞ്ചി – കാൽ കിലോ
(തൊലികളഞ്ഞ ഇഞ്ചി ചെറുതായി അരിഞ്ഞു വെള്ളം ചേർത്ത് മിക്സിയിൽ അടിച്ചു അതിന്റെ ചാറ് എടുക്കണം.)
പഞ്ചസാര – 500 ഗ്രാം
പാൽപ്പൊടി – 250 ഗ്രാം
ചൂടുവെള്ളം നാല് കപ്പ്
ഏലയ്ക്ക പൊടി, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി — ഇവ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
ആവശ്യമുള്ള ചേരുവകകൾ എല്ലാം തയ്യാറാക്കി വയ്ക്കുക. പാൽപ്പൊടി നാല് കപ്പ് ഇളം ചൂടുള്ള വെള്ളത്തിൽ കലക്കി വയ്ക്കുക. ഒരു ഉരുളിയിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാക്കി അരിപ്പൊടി വറക്കുക. അരി മൂക്കുമ്പോൾ 5 കപ്പ് തിളച്ച വെള്ളം ചേർത്ത് വേവിക്കുക. അരി വെന്ത് അതിലെ വെള്ളം നല്ലപോലെ വറ്റണം. ഇതിലേക്ക് ഇഞ്ചിനീര് കുറേശ്ശെയായി ചേർത്ത് നല്ലതുപോലെ ഇളക്കണം. ഇത് നല്ല ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് രണ്ടു സ്പൂൺ നെയ്യ ചേർക്കുക. ശേഷം പഞ്ചസാര ചേർത്ത് നല്ലവണ്ണം വരട്ടണം. വീണ്ടും രണ്ട് സ്പൂൺ നെയ്യ് ചേർത്ത് ഇതിന്റെ നിറം നല്ല ബ്രൗൺ ആകുന്നതുവരെ വരട്ടണം. ശേഷം കലക്കി വച്ചിരിക്കുന്ന പാൽ കുറേശ്ശെയായി ഇതിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം. തിള വന്നാലുടൻ അടുപ്പിൽ നിന്നും ഇറക്കി വെക്കണം. ശേഷം ഏലയ്ക്ക ചേർക്കുക. അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ചേർക്കുക. പായസം റെഡി.
ശ്രദ്ധിക്കുക:
പായസം വരട്ടുന്ന പാകമാണ് പ്രധാനം. ആദ്യം അരി വേവിച്ചതും ഇഞ്ചിനീരും ചേർത്ത് വരട്ടണം. പിന്നീട് പഞ്ചസാര ചേർത്തുള്ള വരട്ടൽ. ഇത് രണ്ടും വളരെ കൃത്യതയോടെ സമയമെടുത്ത് തന്നെ ചെയ്യണം. പത്രത്തിന്റെ അടിക്ക് പിടിക്കാനോ, കരിയാനോ പാടില്ല. അരി നന്നായി വേവുകയും വേണം.
4. രൂചിയൂറും മുളയരി പായസം

ആവശ്യമുള്ള സാധനങ്ങൾ
മുളയരി – 2 കപ്പ്
ശർക്കര – 500 ഗ്രാം പാനിയാക്കിയത്
തേങ്ങാപാൽ – 5 കപ്പ്.
ഏലക്കായ – 6
നെയ്യ്
അണ്ടിപരിപ്പ്
മുന്തിരി
തേങ്ങ നുറുക്കിയത്
തയ്യാറാക്കുന്ന വിധം:
മുളയരി 3 മണിക്കൂർ കുതിർത്ത് നന്നായി വേവിച്ചെടുക്കുക. അതിൽ ശർക്കര പാനി ഒഴിക്കുക. ഒന്ന് തിളച്ച് വന്നാൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിക്കുക. എന്നിട്ട് നന്നായി ഇളക്കുക. കുറുകിയ ശേഷം ഒന്നാം പാൽ ഒഴിച്ച് ഒരു തിള വന്നാൽ ഇറക്കി വെക്കുക. നെയ്യിൽ തേങ്ങ നുറുക്കിയതും അണ്ടിപരിപ്പും മുന്തിരിയും വറുത്ത് ചേർക്കുക, ഏലക്കാപൊടിയും ചേർത്ത് ഇളക്കുക. പായസം തയ്യാർ.
