Your Image Description Your Image Description

ശക്തമായ മഴയിൽ വീടിന്റെ പിൻഭാഗത്തെ മതിൽ ഇടിഞ്ഞ് വീട്ടമ്മ ഉൾപ്പെടെ തോട്ടിലേക്ക് വീണു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരാത്തേതിൽ എംഎച്ച് ഷാനവാസിന്റെ ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപത്തെ വീടിന്റെ പിൻഭാഗം ഇടിഞ്ഞ് ഭാര്യ ഷീനയാണ് താഴ്ചയിലേക്ക് പതിച്ചത്. വൈകിട്ട് മൂന്നിനായിരുന്നു സംഭവം.

വീടിനു പിന്നിലൂടെ ഒഴുകുന്ന അകമല തോടിന്റെ വീടിനോട് ചേർന്നഭാഗം കരിങ്കല്ല് കെട്ടി സംരക്ഷിച്ചിരുന്നു. ഈ ഭാഗത്ത് കറിവേപ്പില പറിക്കുവാനായി പോയ നേരത്താണ് കരിങ്കല്ല് ഉൾപ്പെടെ തകർന്ന് കല്ലും മണ്ണും ഉൾപ്പെടെ താഴ്ചയിലേക്ക് പതിച്ചത്. ആറുമീറ്ററോളം ഉയരത്തിലുള്ള കരിങ്കൽ ഭിത്തിയും മണ്ണും ആണ് ഇടിഞ്ഞുവീണത്.

ജോലി കഴിഞ്ഞ് ഷാനവാസ് വീട്ടിലെത്തിയ സമയത്തായിരുന്നു സംഭവം. തുടർന്ന് അപകടത്തിൽപ്പെട്ട ഷീനയെ കോണിയിലൂടെ മുകളിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേൽക്കാതെ ഷീന രക്ഷപ്പെടുകയായിരുന്നു. ഏകദേശം ആറു മീറ്ററോളം വീതിയിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് അപകട സാധ്യത നിലനിൽക്കുന്നതിനാൽ വീട്ടിൽനിന്ന് ബന്ധു വീട്ടിലേക്ക് താമസം മാറ്റി.

Related Posts