
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ഊർജ മന്ത്രിയുമായി ചർച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും ചേർന്ന് കേന്ദ്ര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നും, ഇതിനായി സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതോടൊപ്പം എൻ.ടി.പി.സി ചെയർമാനുമായി നടത്തിയ ചർച്ച വിജയകരമായി പൂർത്തിയായെന്നും മന്ത്രി അറിയിച്ചു. എൻ.ടി.പി.സിയുടെ പൂളിൽ നിന്ന് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു. കേരളത്തിന്റെ ആവശ്യങ്ങളോട് അനുഭാവപൂർണ്ണമായ സമീപനം സ്വീകരിക്കാമെന്ന് എൻ.ടി.പി.സി ചെയർമാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണാൻ സർക്കാർ അടിയന്തര ഇടപെടലുകളാണ് നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
