
പാൽ വില വർധിപ്പിച്ച് പ്രമുഖ ഡെയറി ബ്രാൻഡുകളായ അമുലും മദർ ഡയറിയും. സംഭരണച്ചെലവിലുണ്ടായ വർധനവും വിതരണത്തിലെ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നവംബർ 12 വ്യാഴാഴ്ച മുതൽ ലിറ്ററിന് 2 മുതൽ 6 രൂപ വരെയാണ് വില വർധിപ്പിച്ചിരിക്കുന്നത്.
വിവിധ വിഭാഗത്തിലുള്ള പാലിന് വ്യത്യസ്ത നിരക്കുകളിലാണ് വർധനവ് ബാധകമാക്കിയിരിക്കുന്നത്. അമുലിന്റെ ഫുൾ ക്രീം എരുമപ്പാലിന് ലിറ്ററിന് 6 രൂപ വർധിച്ച് 80 രൂപയിൽ നിന്ന് 86 രൂപയായി ഉയർന്നു. ടോൺഡ് പാലിന് 2 രൂപയും ഫുൾ ക്രീം പാലിന് 4 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഡൽഹി-എൻ.സി.ആർ മേഖലയിലെ പ്രധാന വിതരണക്കാരായ മദർ ഡയറിയും ലിക്വിഡ് മിൽക്ക് വകഭേദങ്ങളുടെ വില ലിറ്ററിന് 2 മുതൽ 4 രൂപ വരെ കൂട്ടിയിട്ടുണ്ട്. ഇതുപ്രകാരം മദർ ഡയറിയുടെ ഫുൾ ക്രീം പാൽ വില ലിറ്ററിന് 72 രൂപയിൽ നിന്ന് 76 രൂപയായി ഉയർന്നു.
കാലിത്തീറ്റ വിലയിലുള്ള വർധനവും പാലിന്റെ കൊഴുപ്പിന്റെ ലഭ്യതക്കുറവ് മൂലം സംഭരണച്ചെലവിലുണ്ടായ കുത്തനെയുള്ള വർധനവുമാണ് വില കൂട്ടാൻ കമ്പനികളെ പ്രേരിപ്പിച്ചത്. കൊഴുപ്പിന്റെ വില 20 മുതൽ 25 ശതമാനം വരെ വർധിച്ചതോടെ ഉൽപ്പാദനച്ചെലവ് വൻതോതിൽ ഉയർന്നിരുന്നു. കർഷകർക്ക് കൂടുതൽ തുക നൽകുന്നതിന്റെ ഭാഗമായാണ് വില പരിഷ്കരണമെന്ന് കമ്പനികൾ വ്യക്തമാക്കി.
