Home » Blog » Business » വിപണിയിൽ കൂപ്പുകുത്തി തേങ്ങ വില; വെളിച്ചെണ്ണയ്ക്കും വില കുറഞ്ഞു, ലിറ്ററിന് 260 രൂപ
22

റെക്കോർഡ് വിലയിൽ നിന്നു കൂപ്പുകുത്തി പച്ചത്തേങ്ങ വില. ഒരു കിലോ പച്ചത്തേങ്ങയ്ക്കു 42 രൂപയും ഉണങ്ങിയതിനു 52 രൂപയുമാണ് വില. ഏഴു മാസത്തിനിടെ ഒരു കിലോയ്ക്കു 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. കിലോയ്ക്കു 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയിൽ നിന്നു 180 രൂപയായി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി.

തേങ്ങ ഉൽപാദനം കൂടിയതും ഗൾഫിലേക്കുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതുമാണ് വിലയിടിവിനുള്ള കാരണം. കാലവർഷം തുടങ്ങി തേങ്ങയുടെ ലഭ്യത കുറഞ്ഞാൽ മാത്രമേ ഇനി വില ഉയരാൻ സാധ്യതയുള്ളൂ. വിലയിടിവ് കർഷകരെ പോലെ വ്യാപാരികളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അതേസമയം, വില ഇനിയും കുറയുമെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകളെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാളികേര കർഷകർക്ക് സുവർണകാലമായിരുന്നു. വില പടിപടിയായി ഉയർന്നാണ് കഴിഞ്ഞ വർഷം സർവകാല റെക്കോർഡായ 78 രൂപ വരെയെത്തിയത്. എന്നാൽ മാസങ്ങൾക്കിടെ 40 ശതമാനത്തിലേറെ കുറഞ്ഞത് കർഷകരെ വലിയ പ്രതിസന്ധിയിലാക്കി. തമിഴ്നാട്ടിലുൾപ്പെടെ തേങ്ങ ഉൽപാദനം കൂടിയത്, യുഎസ്–ഇറാൻ യുദ്ധം തുടങ്ങിയവയാണ് വിലയിടിവിനു പ്രധാന കാരണമായി സൂചിപ്പിക്കുന്നത്. ഇത്തവണ ചൂട് കൂടുതലായതിനാൽ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയിൽ കൂടുതൽ തേങ്ങയെത്താൻ കാരണമായി.

ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗൾഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഗൾഫിൽ യുദ്ധം കാരണം അങ്ങോട്ടേയ്ക്കുള്ള കയറ്റുമതി നിലച്ചതിനാൽ കമ്പനികൾ തേങ്ങ വാങ്ങുന്നത് നിർത്തിയതും തിരിച്ചടിയായി. നേരത്തെ വിലയിടിവുണ്ടാകുമ്പോൾ കേരഫെഡ് മുഖേന കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരണം നടത്തിയിരുന്നു. അങ്ങനെ വില പിടിച്ചുനിർത്താൻ സാധിച്ചിരുന്നു. എന്നാലിപ്പോൾ കാസർകോട് ജില്ലയിൽ നീലേശ്വരത്തു മാത്രമാണ് കേരഫെഡിന്റെ സംഭരണമുള്ളത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.