Your Image Description Your Image Description

രാജ്യവ്യാപകമായി എഐ ചാറ്റ്‌ബോട്ടുകളുടെ പ്രവര്‍ത്തനം താൽക്കാലികമായി നിര്‍ത്തിവെച്ച് ചൈനയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) കമ്പനികള്‍. ഈ നടപടി സ്വീകരിക്കാത്ത കമ്പനികള്‍ ചാറ്റ്‌ബോട്ടുകളുടെ പല ഫീച്ചറുകളും പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. പല എഐ കമ്പനികളും അവരുടെ ഏറ്റവും പ്രചാരമുള്ള എ.ഐ ടൂളുകളാണ് നിര്‍ത്തിവെച്ചിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അലിബാബയുടെ ക്വെന്‍ (Qwen), ടെന്‍സെന്റിന്റെ യുവാന്‍ബാവോ (Yuanbao), ബൈറ്റ്ഡാന്‍സിന്റെ ദൂബാവോ (Doubao), മൂണ്‍ഷോട്ടിന്റെ കിമി (Kimi) എന്നിവ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. യുവാന്‍ബാവോ, കിമി പോലുള്ള എഐ ടൂളുകള്‍ അവയുടെ ചിത്രങ്ങളുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ പ്രവര്‍ത്തനരഹിതമാക്കി.

 

അതേസമയം, ബൈറ്റ്ഡാന്‍സിന്റെ എതിരാളി ചാറ്റ്‌ബോട്ടായ ദൂബാവോ ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ അനുവദിക്കുന്നുണ്ടെങ്കിലും, നിയമങ്ങള്‍ പാലിക്കാത്തത് ചൂണ്ടിക്കാട്ടി ചില ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അലിബാബയുടെ ബോട്ട് ആയ ക്വെന്‍ ചോദ്യപേപ്പറുകള്‍ വിശകലനം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. കോളേജ് പ്രവേശനം നേടുന്നതിനായി ചൈനയിലെ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ എഴുതുന്ന ഗാവോകാവോ പരീക്ഷയാണ് ഈ താല്‍ക്കാലിക അടച്ചിടലിന് കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരീക്ഷയില്‍ കൃത്രിമം കാണിക്കാന്‍ വിദ്യാര്‍ഥികള്‍ എഐ ടൂളുകള്‍ ഉപയോഗിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണിത്. ഇതോടെ എഐ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിക്കുന്ന നടപടി സ്വീകരിക്കേണ്ടിവന്നു.

 

ഈ വര്‍ഷം ജൂണ്‍ ഏഴ് മുതല്‍ 10 വരെയാണ് ചൈനയില്‍ ഗാവോകാവോ പരീക്ഷ. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അക്കാദമിക് ഇവന്റായാണ് ഇത് കണക്കാക്കപ്പെടുന്നത്. 13.4 ദശലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ പരിമിതമായ സര്‍വകലാശാലാ സീറ്റുകള്‍ക്കായി ഈ പരീക്ഷ എഴുതുന്നുണ്ട്. 147 സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കണമെങ്കില്‍ ഈ പരീക്ഷയില്‍ മികവ് തെളിയിക്കേണ്ടതുണ്ട്. കടുത്ത മത്സരം നിലനില്‍ക്കുന്നതിനാല്‍ പരീക്ഷാ ഹാളുകളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിരോധിക്കുന്നത് മുതല്‍ നിരീക്ഷണ ഡ്രോണുകള്‍ വിന്യസിക്കുന്നത് വരെയുള്ള കര്‍ശനമായ കോപ്പിയടി വിരുദ്ധ നടപടികള്‍ ചൈനീസ് അധികൃതര്‍ വളരെക്കാലമായി നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ ജനറേറ്റീവ് എഐയുടെ വളര്‍ച്ചയോടെയാണ് പലപ്പോഴും എഐ ടൂളുകള്‍ ഉപയോഗിച്ച് കൃത്രിമം കാണിക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ആശങ്ക ഉയരുന്നത്.

 

ഈ സാഹചര്യത്തില്‍ ചൈനയിലെ എഐ ടൂളുകളെല്ലാം അവയുടെ ഫോട്ടോ- തിരിച്ചറിയല്‍ (photo-recognition) സംവിധാനം പ്രവര്‍ത്തന രഹിതമാക്കിയിട്ടുണ്ട്. നേരത്തെ, പ്രൈമറി, സെക്കന്‍ഡറി സ്‌കൂള്‍ സംവിധാനങ്ങളില്‍ ജനറേറ്റീവ് എഐയുടെ സ്വാധീനം നിയന്ത്രിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ചൈനീസ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളുകള്‍ വിദ്യാര്‍ഥികള്‍ സ്വതന്ത്രമായി ഉപയോഗിക്കുന്നത് നിരോധിക്കുന്നതായിരുന്നു ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. അധ്യാപകരെ പൂര്‍ണമായും മാറ്റിസ്ഥാപിക്കാതെ അധ്യയനത്തെ സഹായിക്കാന്‍ മാത്രം എഐ ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അതേസമയം, മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് എഐ സംവിധാനങ്ങള്‍ പരിമിതമായ രീതിയില്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്, അതേസമയം ഹൈസ്‌കൂള്‍ തലത്തില്‍ എഐയുടെ അടിസ്ഥാന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുന്ന കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ അനുവാദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts