Your Image Description Your Image Description

ആയുര്‍കര്‍മ ഒ.പി പഞ്ചകര്‍മ ചികിത്സ ഏര്‍പ്പെടുത്തി ജനപ്രിയമാകുകയാണ് കരീപ്ര ആയുര്‍വേദ ആശുപത്രി. ഇതര കേന്ദ്രങ്ങളിലില്ലാത്ത സംവിധാനം പ്രയോജനപ്പെടുത്താന്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ളവരാണ് എത്തുന്നത്. കൂട്ടിരിപ്പ് ഇല്ലാത്തരോഗികള്‍ക്കും ഡിസ്‌പെന്‍സറിയിലെത്തി പഞ്ചകര്‍മ ചികിത്സയ്ക്ക് ശേഷം ഒന്നരമണിക്കൂര്‍ വിശ്രമിച്ചിട്ട് മടങ്ങാമെന്നതാണ് പ്രത്യേകത.

ആയുര്‍വേദത്തിലെ കാലകിമായചികിത്സസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇടയ്ക്കിടം വാര്‍ഡിലാണ് ഡിസ്‌പെന്‍സറി. ജീവിതശൈലിരോഗ നിയന്ത്രണവും ചികിത്സയും കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗും ആരോഗ്യ സംരക്ഷണവും വയോജന ആരോഗ്യപരിപാലനം, ഗര്‍ഭകാല-പ്രസവാനന്തര ചികിത്സ, കുട്ടികള്‍ക്കുള്ള ആരോഗ്യപരിചരണം, ആയുഷ്‌യോഗ ക്ലബ്, ആയുര്‍മിത്ര വയോജന ക്ലബ്, നാരീമിത്രം, ആയുര്‍ കര്‍മ്മപദ്ധതി തുടങ്ങി ഒട്ടേറെ സേവനങ്ങളാണ് ലഭ്യമാക്കുന്നത്.

ഇവിടെയുള്ള ആയുര്‍മിത്ര വയോജന ക്ലബ് തിരഞ്ഞെടുത്ത എക്‌സിക്യൂട്ടീവ് സമിതിയാണ് നിയന്ത്രിക്കുന്നത്. 50 വീടുകള്‍ അടങ്ങുന്ന പ്രദേശം അയല്‍ക്കൂട്ടമായി രൂപീകരിച്ച് വയോധികര്‍ക്കിടയില്‍ സമഗ്ര ആരോഗ്യ വിവരശേഖരമാണ് ഉടന്‍ നടത്തുക. ആദ്യഘട്ടമായി വാര്‍ഡ്തല സമിതിയിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളും വയോജനക്ലബിലെ അംഗങ്ങളുംചേര്‍ന്ന് വിവിധവാര്‍ഡുകളിലെ രോഗികളെ കണ്ടെത്തും. ഡോക്ടറുടെ മേല്‍നോട്ടത്തില്‍ ചികിത്സാരീതിതീരുമാനിച്ച് സമയബന്ധിതമായി ചികിത്സഉറപ്പാക്കാനുള്ള സംവിധാനമാണ് ആരോഗ്യ സര്‍വേയിലൂടെ ലക്ഷ്യമാക്കുന്നത്.

2023 ലാണ് ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററാക്കിയത്, തുടര്‍ന്ന് എല്ലാവാര്‍ഡുകളിലും യോഗ ക്ലബ് രൂപീകരിച്ച് ക്ലാസുകള്‍ നല്‍കിവരുന്നു. പഠനത്തോടൊപ്പം കുട്ടികളുടെ ശാരീരിക- മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഗ്രാമപഞ്ചായത്ത് പരിധിയിലെ ലോവര്‍-അപ്പര്‍ പ്രൈമറി, ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുള്ള സ്‌കൂളുകളിലും യോഗക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ക്കായി ആയുര്‍വേദ ബോധവത്ക്കരണ ക്ലാസ്, അനീമിയ സ്‌ക്രീനിംഗ്, കൗണ്‍സിലിംഗ്, അവധിക്കാല യോഗക്ലാസും ഡിസ്‌പെന്‍സറിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്നത്.

രോഗപ്രതിരോധം ലക്ഷ്യമാക്കിയുള്ള സ്വാസ്ഥ്യയോഗയും രോഗശമനം ഉറപ്പാക്കുന്ന തെറാപ്യൂട്ടിക് യോഗയും നല്‍കുന്നു. യോഗ ഇന്‍സ്ട്രക്ടര്‍ ഡോ. ദീപയുടെ നേതൃത്വത്തിലാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യത്തിലുള്ള ക്ലാസുകള്‍. ഡിസ്‌പെന്‍സറിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 32.9 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച പുതിയ കെട്ടിടവും പ്രവര്‍ത്തനസജ്ജമായി.

അടിസ്ഥാനസൗകര്യവികസനം, രോഗിസൗഹൃദം, രോഗിസുരക്ഷ, അണുബാധനിയന്ത്രണം എന്നിവ വിലയിരുത്തി നല്‍കുന്ന എന്‍.എ.ബി.എച്ച് ദേശീയ അംഗീകാരം ഈ വര്‍ഷം ലഭിച്ചു. കായകല്‍പ്പ അവാര്‍ഡും നേടി. സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വ-മാലിന്യപരിപാലനം, അണുബാധനിയന്ത്രണം വിലയിരുത്തി ഗുണമേ• ഉറപ്പാക്കുന്ന കായകല്‍പ്പയില്‍ 97.08 മാര്‍ക്ക് നേടിയാണ് കരീപ്ര ഡിസ്‌പെന്‍സറി ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഒരുലക്ഷം രൂപയാണ് പുരസ്‌കാരതുക. കുട്ടികള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ളവരുടെ രോഗശമനത്തിന് പുറമെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യംനല്‍കിയാണ് പ്രവര്‍ത്തനമെന്ന് സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ധന്യ ആര്‍. ദേവ് പറഞ്ഞു.

Related Posts