Home » Blog » Kerala » വന്ദേ ഭാരതം കാമ്പയിൻ: അദാനി ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
2

തിരുവനന്തപുരം:  അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി തുടക്കമിട്ട വന്ദേ ഭാരതം പദ്ധതിയുടെ പ്രചാരണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള സംരംഭക പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജൂൺ 25-ന് അദാനി ഗ്രൂപ്പ് തുടക്കമിട്ട പദ്ധതിയാണ് വന്ദേ ഭാരതം. പരിപാടിയെക്കുറിച്ച് വിശദീകരിക്കുകയും പദ്ധതിയുടെ വിവരങ്ങളടങ്ങിയ വന്ദേ ഭാരതം കിറ്റും ഉപഹാരവും മുഖ്യമന്ത്രിക്ക് കൈമാറുകയും ചെയ്തു. സംസ്ഥാനത്തെ നൂതന ആശയമുള്ളവരെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്ക് കഴിയുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഈ സംരംഭത്തെ സ്വാഗതം ചെയ്യുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വന്ദേ ഭാരതം പദ്ധതിയിലേക്ക് കേരളത്തിൽ നിന്ന് മാത്രം 1,300-ലധികം അപേക്ഷകളാണ് ലഭിച്ചത്.

വളർന്നുവരുന്ന സംരംഭകർക്ക് വിദഗ്ധരുടെ മെന്റർഷിപ്പ്, വ്യവസായ ബന്ധങ്ങൾ, സ്വന്തം ആശയങ്ങളെ മികച്ച സ്റ്റാർട്ടപ്പുകളാക്കി മാറ്റാനുള്ള ദേശീയ പ്ലാറ്റ്‌ഫോം എന്നിവ ഈ പദ്ധതി ഉറപ്പുനൽകുന്നു. പ്രായഭേദമന്യേ ഏതൊരാൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം. തിരഞ്ഞെടുക്കപ്പെടുന്ന 75 ഫൈനലിസ്റ്റുകൾക്ക് പ്രത്യേക മെന്റർഷിപ്പ് പ്രോഗ്രാമും നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും ലഭിക്കും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അഹമ്മദാബാദിൽ വെച്ചാണ് പദ്ധതിയുടെ ഗ്രാൻഡ് ഫിനാലെ.

ശരിയായ പ്ലാറ്റ്‌ഫോമും പ്രോത്സാഹനവും നൽകിയാൽ രാജ്യത്തിന്റെ ഏതൊരു ഭാഗത്തുനിന്നും മികച്ച പ്രതിഭകൾക്ക് ഉയർന്നുവരാൻ സാധിക്കുമെന്ന വിശ്വാസമാണ് വന്ദേ ഭാരതത്തിന്റെ കാതൽ എന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ നേതാക്കളിൽ നിന്ന് ലഭിക്കുന്ന പിന്തുണ യുവ സംരംഭകർക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ പ്രചോദനമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രശസ്ത നടനും അവതാരകനുമായ രാജീവ് ഖണ്ഡേൽവാളാണ് വന്ദേ ഭാരതത്തിൻ്റെ അംബാസഡറായും ഹോസ്റ്റായും പ്രവർത്തിക്കുന്നത്.