Home » Blog » kerala Max » വനിതകൾക്ക് പ്രതിമാസം 2500 രൂപ; ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം
MONEY-GIEL-680x450

സ്ത്രീകൾക്ക് വലിയൊരു സാമ്പത്തിക ആശ്വാസം നൽകിക്കൊണ്ട് പ്രതിമാസം 2500 രൂപ സഹായധനം നൽകുന്ന ‘ഡൽഹി ലക്ഷ്മി യോജന’ പദ്ധതിക്ക് ഡൽഹി സർക്കാർ ഔദ്യോഗികമായി അംഗീകാരം നൽകി. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ചരിത്രപരമായ ഈ തീരുമാനമുണ്ടായത്. ഡൽഹിയിലെ സ്ത്രീകളുടെ ഉന്നക്ഷമ ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ അപേക്ഷാ നടപടികൾക്കായി ഓഗസ്റ്റ് ഒന്നിന് പ്രത്യേക പോർട്ടൽ പ്രവർത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രത്യേക പോർട്ടൽ വഴിയാണ് സ്ത്രീകൾ ഈ സാമ്പത്തിക സഹായത്തിനായി അപേക്ഷ സമർപ്പിക്കേണ്ടത്. കുറഞ്ഞത് പത്തുവർഷമായി ഡൽഹിയിൽ താമസിക്കുന്നവരാണെന്നും തങ്ങൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നുമുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷകർ ഒപ്പം സമർപ്പിക്കേണ്ടതുണ്ട്.

തുടർന്ന് ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി പരിശോധിച്ച ശേഷമാകും അർഹരായ സ്ത്രീകൾക്ക് പ്രതിമാസ തുക നൽകുക. വരാനിരിക്കുന്ന രക്ഷാബന്ധൻ ദിനത്തോട് അനുബന്ധിച്ച് പദ്ധതിയുടെ ആദ്യ ഗഡു വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. അധികാരത്തിലെത്തി ഒന്നേകാൽ വർഷത്തിനുള്ളിൽ തന്നെ നൽകിയ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും സ്ത്രീകളുടെ ക്ഷേമത്തിനായി ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നേരത്തെ ആംആദ്മി പാർട്ടി സർക്കാർ അവതരിപ്പിച്ചിരുന്ന മഹിളാ സമ്മാൻ യോജന പദ്ധതിക്ക് പകരമായാണ് ബിജെപി സർക്കാർ ഇപ്പോൾ പുതിയ ‘ലക്ഷ്മി യോജന’ പദ്ധതി നടപ്പിലാക്കുന്നത്. എ.എ.പി സർക്കാരിന്റെ കാലത്ത് പ്രതിമാസം ആയിരം രൂപയായിരുന്ന സഹായധനം പിന്നീട് 2100 രൂപയായി ഉയർത്തിയിരുന്നുവെങ്കിലും, ഇപ്പോൾ പുതിയ സർക്കാർ അത് 2500 രൂപയാക്കി വർദ്ധിപ്പിച്ചാണ് നടപ്പിലാക്കുന്നത്. സ്ത്രീകൾക്കിടയിൽ വലിയ തരംഗമാവാൻ സാധ്യതയുള്ള ഈ പദ്ധതി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിക്കഴിഞ്ഞു.