Your Image Description Your Image Description

ന്യൂഡൽഹി: വഖഫ് നിയമഭേദ​ഗതിയെ സ്വാ​ഗതം ചെയ്ത് രാഷ്‌ട്ര സേവിക സമിതി. പുതിയ വഖഫ് നിയമം സ്ത്രീ ശാക്തീകരണത്തിൽ ഒരു നാഴികക്കല്ലാണെന്നും രാഷ്‌ട്രീയ സേവിക സമിതിയുടെ ചീഫ് എക്സിക്യൂട്ടീവ് സീതാ ഗായത്രി അന്നദാനം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും ബഹുമാനത്തിനും ശാക്തീകരണത്തിനും പുതിയ നിയമം സഹായകരമാണെന്നും പ്രസ്താവനയിൽ സീതാ ​ഗായത്രി ചൂണ്ടിക്കാട്ടുന്നു.

2024 ലെ ഈ വഖഫ് ഭേദഗതി ബില്ലിൽ മുസ്ലീം സ്ത്രീകളുടെയും വിധവകളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിന് പ്രത്യേക വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് രാഷ്‌ട്ര സേവിക സമിതി പറഞ്ഞു. ഇക്കാരണത്താൽ ഇനി ഒരു മുസ്ലീം വ്യക്തി വഖഫിന് സ്വത്ത് ദാനം ചെയ്യുന്നതിന് മുമ്പ് അയാൾക്ക് അവരുടെ കുടുംബത്തിലെ സ്ത്രീകൾക്കും വിധവകൾക്കും അവരുടെ അവകാശങ്ങൾ നൽകേണ്ടിവരും.

ഇതോടൊപ്പം അവഗണിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സ്ത്രീകൾക്ക് ശരിയായ പ്രാതിനിധ്യം ലഭിക്കുന്നതിനായി സംസ്ഥാന വഖഫ് ബോർഡിലും കേന്ദ്ര വഖഫ് കൗൺസിലിലും രണ്ട് വനിതാ അംഗങ്ങളെ നിർബന്ധമായും നിയമിക്കുന്നതിനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

കൂടാതെ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പ് കൂടുതൽ സുതാര്യമാക്കുന്നതിനും സർക്കാർ മേൽനോട്ടത്തിലാക്കുന്നതിനും ഈ ബിൽ ഫലപ്രദമാണെന്ന് തെളിയിക്കുമെന്ന് രാഷ്‌ട്രീയ സേവിക സമിതി പറഞ്ഞു. ‘UMEED’ (ഏകീകൃത വഖഫ് മാനേജ്മെന്റ്, ശാക്തീകരണം, കാര്യക്ഷമത, വികസനം) ശക്തിപ്പെടുത്താനും സ്ത്രീ ശാക്തീകരണത്തിൽ ഒരു നാഴികക്കല്ലാകാനും ബിൽ സഹായിക്കുമെന്ന് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു.

വഖഫ് നിയമഭേദ​ഗതിയെ അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമ ബോർഡും രം​ഗത്ത് വന്നിരുന്നു. വഖഫ് നിയമം ഭേ​ദ​ഗതി ചെയ്യാനുള്ള കേന്ദ്രസർക്കാർ നടപടി സ്വാ​ഗതാർഹമെന്നായിരുന്നു മുസ്ലിംവനിതാ വ്യക്തിനിയമ ബോർഡ് പ്രസിഡന്റ് ഷൈസ്ത അംബർ പ്രതികരിച്ചത്. വനിതകളുടെ അവകാശങ്ങൾ ഉറപ്പാക്കണമെന്നും ഷൈസ്ത അംബർ ആവശ്യപ്പെട്ടു. വഖഫ് ബോർഡുകളുടെ പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരണമെന്നും അവർ കൂട്ടിച്ചേർത്തു.

വഖഫിന് വസ്തുവകകൾ നൽകുന്നവർ പാവപ്പെട്ടവർക്ക് പ്രയോജനം ലഭിക്കണം എന്ന ഉദ്യേശത്തിലാണ് അവ നൽകിയത്. എന്നാൽ അതല്ല പിന്നീട് സംഭവിക്കുന്നത്. എല്ലാ വഖഫ് ഭൂമിയും ദുരപയോഗപ്പെടുന്നുവെന്നല്ല, പക്ഷേ വഖഫ് ബോർഡ് ആത്മാർത്ഥമായി ഇടപെടുന്നില്ല. വഖഫ് ഭൂമികൾ പാവപ്പെട്ടവർക്ക് വേണ്ടി സുതാര്യതയോടെ ഉപയോഗിക്കണം. രാഷ്‌ട്രീയ പാർട്ടികൾ വോട്ടിന് വേണ്ടി പ്രവർത്തിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും വഖഫ് വസ്തുക്കളുടെ കാര്യത്തിൽ ഇത്രയും നാൾ യാതൊന്നും ചെയ്തിരുന്നില്ലെന്നും ഷൈസ്ത അംബർ ആരോപിച്ചു.

അതേസമയം, വഖഫ് നിയമ ഭേദഗതി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു. പാർലമെന്റിന്റെ ഇരുസഭകളും ബില്ല് പാസാക്കിയതിന് പിന്നാലെ രാഷ്ട്രപതിയുടെ അം​ഗീകാരത്തിനായി സമർപ്പിച്ചിരുന്നു. അടുത്ത ആഴ്ച്ചയോടെ മാത്രമേ രാഷ്ട്രപതി ബില്ലിൽ ഒപ്പുവെക്കൂ എന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. എന്നാൽ, ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ കാലതാമസം വരുത്താതെ രാഷ്ട്രപതി അം​ഗീകാരം നൽകുകയായിരുന്നു.

രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമാക്കി വിജ്ഞാപനം ഇറങ്ങും. ഇതിനുപിന്നാലെ നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ്‌ നിയമത്തിന്റെ പേര്.

1995ലെ വഖഫ് നിയമത്തിലാണ് കേന്ദസ്രർക്കാർ ഭേദഗതി വരുത്തിയത്. ഓഗസ്റ്റിൽ ബിൽ അവതരിപ്പിച്ച ശേഷം സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിർദേശങ്ങൾ അനുസരിച്ച് പരിഷ്കരിച്ച ബിൽ ആണ് കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പ് ഉയർന്നെങ്കിലും ആദ്യം ലോക്സഭയിലും പിന്നീട് രാജ്യസഭയിലും ബില്ല് പാസാകുകയായിരുന്നു. പാർലമെന്റിന്റെ ഇരു സഭകളിലും ബില്ല് പാസായതിന് പിന്നാലെ ബില്ലിൽ ഒപ്പിടരുത് എന്നാവശ്യപ്പെട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് ഉൾപ്പെടെയുള്ളവർ രാഷ്ട്രപതിയെ സമീപിച്ചിരുന്നു.

ബില്ല് മുസ്സീം സമുദായത്തോടുള്ള വിവേചനമാണെന്നും ബില്ലിൽ ഒപ്പിടരുതെന്നും ആവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമബോർഡിന് പിന്നാലെ ലിഗ് എംപിമാരും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ഭരണഘടന തത്വങ്ങളുമായി ബില്ല് പൊരുത്തപ്പെടുന്നുണ്ടോ എന്ന് രാഷ്ട്രപതി ഉറപ്പുവരുത്തണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. അതെസമയം ബില്ലിനെതിരെ കുടൂതൽ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിക്കുകയാണ്. കോൺഗ്രസിന് പിന്നാലെ എ ഐ എം ഐ എം,എഎപി പാർട്ടികൾ ബില്ലിനെതിരെ ഹർജി നൽകി‌യിട്ടുണ്ട്.

അതേസമയം, ബിൽ പാസാക്കിയതിൻറെ രാഷ്ട്രീയ നേട്ടം കൊയ്യാൻ കേരളത്തിലടക്കം പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുകയാണ് ബിജെപി. കേന്ദ്രമന്ത്രി കിരൺ റിജ്ജു നേരിട്ട് പങ്കെടുക്കുന്ന അഭിനന്ദൻ സഭയാണ് ഈ മാസം ഒമ്പതിന് മുനമ്പത്ത് സംഘടിപ്പിക്കുന്നത്. എൻഡിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും പരിപാടിയിൽ പങ്കെടുക്കും. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻറെ സാന്നിധ്യത്തിൽ മുനമ്പത്ത് പ്രതിസന്ധി നേരിടുന്ന അൻപത് പേർ ബിജെപി അംഗത്വമെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts