Your Image Description Your Image Description

ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ഗവ. മാതൃശിശു സംരക്ഷണകേന്ദ്രത്തില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. ചടങ്ങില്‍ മുലപ്പാല്‍ ദാതാക്കളെ ആദരിച്ചു. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ മുലപ്പാല്‍ പ്രാധാന പങ്ക് വഹിക്കുന്നതായി എംഎല്‍എ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത്ത് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം മുഖ്യപ്രഭാഷണം നടത്തി.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി കെ ഷാജി ദിനാചരണ സന്ദേശം നല്‍കി. ശിശുരോഗ വിഭാഗം വകുപ്പ് മേധാവി ഡോ. കെ വിജയകുമാര്‍, അസോസിയേറ്റ് പ്രൊഫസര്‍ ഡോ. രാജേഷ്, എംസിഎച്ച് ഓഫീസര്‍ രമണി, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍ ഭവില, എന്‍എച്ച്എം കണ്‍സല്‍ട്ടന്റ് സി ദിവ്യ, ആര്‍ബിഎസ്‌കെ കോര്‍ഡിനേറ്റര്‍ വി എം മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

മുലപ്പാല്‍ ബാങ്കിലേക്ക് 180 തവണ മുലപ്പാല്‍ നല്‍കിയ അമ്മയെ ചടങ്ങില്‍ ആദരിച്ചു. ഫാമിലി പാര്‍ട്ടിസിപ്പേറ്ററി കെയര്‍, കങ്കാരു മദര്‍ കെയര്‍ എന്നീ വിഷയങ്ങളില്‍ നഴ്‌സിംഗ് ഓഫീസര്‍ സി പി രജന, ഡോ. കെ എസ് ദീപ എന്നിവര്‍ ക്ലാസ്സെടുത്തു. ജില്ലയിലെ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ശിശുരോഗ വിഭാഗം ഡോക്ടര്‍മാര്‍ നഴ്സിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

മുലപ്പാല്‍ സൂപ്പര്‍ ഫുഡ്

കുഞ്ഞുങ്ങള്‍ക്ക് ലഭിക്കേണ്ട പോഷകസമൃദ്ധമായ ആഹാരമാണ് മുലപ്പാല്‍. ഇത് എല്ലാം കൊണ്ടും ലക്ഷണമൊത്ത സൂപ്പര്‍ ഫുഡാണ്. പ്രസവിച്ചയുടനെ ഊറിവരുന്ന ഇളം മഞ്ഞ നിറത്തിലുള്ള പാലാണ് കൊളസ്ട്രം. പോഷകങ്ങള്‍, ആന്റി ബോഡികള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്ന കൊളസ്ട്രം കുഞ്ഞിനെ അണുബാധയില്‍ നിന്ന് സംരക്ഷിക്കാനും ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും സഹായിക്കുന്നു.

ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കുന്നതിലൂടെ (വെളളമോ മറ്റു ഭക്ഷണമോ നല്‍കേണ്ടതില്ല) രോഗപ്രതിരോധശേഷി കൈവരിക്കും. ഒപ്പം ടൈപ്പ്-1 പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, ദഹന പ്രശ്നങ്ങള്‍ എന്നിവയ്ക്കുളള സാധ്യതയും കുറയും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ അന്നജം, പ്രോട്ടീന്‍, കൊഴുപ്പ്, ലാക്ടോസ്, വിറ്റാമിനുകള്‍, ധാതുക്കള്‍, ലവണങ്ങള്‍, എന്‍സൈമുകള്‍ മുതലായവ കുഞ്ഞിന് ഉചിതമായ അളവിലും ദഹിക്കാന്‍ എളുപ്പമുളള രൂപത്തിലും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ തലച്ചോറിന്റെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ആവശ്യമായ ഘടകങ്ങളും കൃത്യമായ അളവില്‍ അടങ്ങിയിരിക്കുന്നു. മുലപ്പാല്‍ മാത്രം കുടിക്കുന്നതിലൂടെ അണുബാധയുണ്ടാകാനുള്ള സാധ്യതയും അതിലൂടെ വയറിളക്കരോഗങ്ങള്‍ പിടിപെടുന്നത് കുറയ്ക്കുകയും ചെയ്യുന്നു.

അമ്മയും കുഞ്ഞും തമ്മിലുളള ആത്മബന്ധം ഊട്ടിയുറപ്പിക്കുന്നതിന് സഹായകമായ മുലയൂട്ടല്‍ അമ്മയ്ക്കും ഗുണകരമാണ്. ഗര്‍ഭപാത്രം പൂര്‍വ്വസ്ഥിതിയില്‍ എത്തുന്നതിനും ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പുളള ശരീരഭാരത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനും പ്രസവശേഷമുളള രക്തസ്രാവം, ഗര്‍ഭധാരണം, സ്തനാര്‍ബുദം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിനും മുലയൂട്ടല്‍ സഹായകരമാണ്. അതിനാല്‍ ആറുമാസം വരെ മുലപ്പാല്‍ അല്ലാതെ മറ്റൊന്നും കുഞ്ഞിനു ഭക്ഷണമായി കൊടുക്കേണ്ടതില്ല.

Related Posts