Your Image Description Your Image Description

കൽപറ്റ: ഇന്ന് എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീ സാന്നിധ്യമുണ്ട്. എന്നാൽ, ഇറച്ചിവെട്ടുന്ന ജോലിയിൽ സ്ത്രീ സാന്നിധ്യം അത്ര പരിചിതമല്ല. എന്നാൽ, വയനാട് പുൽപള്ളിക്കു സമീപം പാക്കത്ത് ചോഴിയൻവീട്ടിൽ ഷിബുവിന്റെ മകൾ ഹന്ന മരിയ ഇറച്ചിവെട്ടിലും ഉസ്താദാണ്. തന്റെ പ്രവർത്തന മേഖലയായല്ല ​ഹന്ന ഇറച്ചിവെട്ടിനെ കാണുന്നത്. മറിച്ച് തന്റെ ലക്ഷ്യത്തിലേക്കെത്താൻ ആവശ്യമായ പണം സമ്പാദിക്കാനുള്ള ഒരു താത്ക്കാലിക തൊഴിൽ മാത്രമാണ് ഹന്നക്ക് ഈ തൊഴിൽ.

സ്വപ്നം കണ്ട് ഉറങ്ങുകയല്ല ഹന്ന ചെയ്യുന്നത്. സ്വപ്നങ്ങളെ ലക്ഷ്യങ്ങളാക്കി മാറ്റി അതിനായി നിരന്തരം പ്രയത്നിക്കുന്ന യുവതിയാണ് ​ഹന്ന. പട്ടാളത്തിൽ‌ ചേരുക എന്നതായിരുന്നു ഹന്നയുടെ ആദ്യ സ്വപ്നം. അതിനായി മനസും ശരീരവും ശക്തമാക്കാൻ ഹന്ന കരാട്ടെ പഠിക്കാൻ തുടങ്ങിയത്. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയ ഹ​ന്ന സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിലെ വെങ്കലമെഡലും സ്വന്തമാക്കിയിരുന്നു. കരാട്ടെയിൽ ചാമ്പ്യനായെങ്കിലും അപ്പോഴേക്കും ഹന്നയുടെ സ്വപ്നങ്ങളിൽ അപ്പോഴേക്കും ചില മാറ്റങ്ങൾ വന്നിരുന്നു.

സൈനിക സേവനം എന്നത് മാറി ആതുരസേവനം ഹന്നയുടെ സ്വപ്നമായി മാറി. ജർ‌മനിയിൽ നഴ്സിങ് പഠിക്കണമെന്നായി ​ഹന്നയുടെ ലക്ഷ്യം. ഈ ആഗ്രഹത്തിന്റെ ആദ്യ ചുവട് ജർമൻ ഭാഷാപഠനമായിരുന്നു. അതു കടന്നപ്പോഴാണ് അടുത്ത കടമ്പ– യാത്രയ്ക്കുള്ള പണം. ആ പണം കണ്ടെത്താനാണ് ഹന്ന ഇറച്ചിവെട്ടുന്ന കത്തി കയ്യിലെടുത്തത്.

ഹന്നയുടെ പിതാവ് ഷിബു ഇറച്ചിക്കട തുടങ്ങിയപ്പോൾ വെട്ടാൻ 500 രൂപ കൂലിക്ക് ആളെ വച്ചു. ജർമൻ പഠനത്തിനൊപ്പം പഠിപ്പിക്കുകയും ചെയ്തിരുന്ന ഹന്ന, ഒഴിവുസമയത്ത് ഒരു ജോലി കൂടി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയായിരുന്നു. പപ്പയുടെ ഇറച്ചിക്കടയിൽ ഇറച്ചിവെട്ടാമെന്നു ഹന്നയ്ക്കു തോന്നിയത് അപ്പോഴാണ്. ദിവസവും 200 രൂപ വെട്ടുകൂലി തന്നാൽ മതിയെന്ന് ഹന്ന പപ്പയോടു പറഞ്ഞു. ആദ്യം അമ്പരന്ന ഷിബുവും ഭാര്യ ഷൈനിയും പിന്നെ മകളുടെ സ്വപ്നത്തിനൊപ്പം നിൽക്കാൻ തീരുമാനിച്ചു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഹന്നയ്ക്ക് എല്ലാം ഒറ്റയ്ക്ക് കൈകാര്യം ചെയ്യാമെന്നായി. അങ്ങനെ ദിവസം നാലു മണിക്കൂർ പപ്പയുടെ കടയിൽ ഇറച്ചിവെട്ടു തുടങ്ങി.

ഷിബുവിന്റെ തന്നെ പലചരക്കു കടയോടു ചേർന്നുള്ള കെജി ചിക്കൻ സ്റ്റാളിൽ ഹന്ന മരിയ ‘ഒഫിഷ്യൽ’ ഇറച്ചിവെട്ടുകാരിയാകുന്നത് കഴിഞ്ഞ വർഷമാണ്. അതിനുമുൻപായിരുന്നു കരാട്ടെ പഠനം. അത് വെറുതെയായില്ല. ബ്ലാക്ക് ബെൽറ്റ് നേടുകയും സംസ്ഥാന കരാട്ടെ ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ കരസ്ഥമാക്കുകയും ചെയ്തു. ആ സമയത്താണ് പട്ടാളക്കാരിയാകണമെന്ന ആഗ്രഹം നഴ്സിങിലേക്ക് വഴുതിമാറിയത്. എല്ലാം തനിക്കു സാധിക്കുമെന്ന ആത്മവിശ്വാസം കൈവിടാതെ, ആതുരസേവനത്തിനുവേണ്ടിയുള്ള പരിശ്രമമായി. അതിന് എത്ര ദൂരം വരെ പോകാനും ആ ഇരുപതുകാരി തയാറായിരുന്നു. ജർമൻ പഠിച്ചത് അങ്ങനെയാണ്. പഠിച്ചശേഷം മാനന്തവാടി ‘കോംപറ്റീറ്റർ’ ജർമൻ സ്റ്റഡി സെന്ററിലെ അധ്യാപികയായി. പഠിപ്പിച്ചതിനു ശേഷം നേരെ പോകുന്നത് ഇറച്ചിക്കടയിലേക്കാണ്.

ചെയ്യുന്ന ജോലിയോടുള്ള ആത്മാർഥത ഹന്നയെ നാട്ടുകാരുടെ പ്രിയങ്കരിയാക്കി മാറ്റി. നാലു മണിക്കൂറോളം ഇറച്ചിവെട്ടുകഴിഞ്ഞ് രാത്രി വീട്ടിലേക്ക്. അപ്പോഴും തൊട്ടപ്പുറത്ത് പലചരക്കുകടയിൽ ഷിബുവോ ഭാര്യ ഷൈനിയോ കാണും. മാതാപിതാക്കളുടെ കഠിനാധ്വാനമായിരുന്നു ഹന്നയുടെ മാതൃക. അധ്വാനിച്ചാൽ എന്തും നേടിയെടുക്കാമെന്ന തിരിച്ചറിവിലാണ് ഹന്ന ജർമൻ പരീക്ഷ പാസായത്. കിട്ടുന്ന പണം അമ്മ ഷൈനിയെ ഏൽപിക്കും. ആവശ്യമുണ്ടെങ്കിൽ അമ്മയോടു വാങ്ങും. മൂത്ത സഹോദരി ആഗ്ന മരിയ നാട്ടിൽതന്നെ നഴ്സിങ് പഠിക്കുകയാണ്. ജർ‌മനിയിലേക്കു പോകാനുള്ള തയാറെടുപ്പിലാണ് ഹന്നയിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts