Your Image Description Your Image Description

കൊച്ചി: ലക്ഷദ്വീപ് സ്‌കൂളുകളിലെ ഭാഷാ പരിഷ്‌കരണം നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി. സ്‌കൂള്‍ വിദ്യാഭ്യാസ പരിഷ്‌കരണത്തിന്റെ ഭാഗമായി അറബിക്, മഹല്‍ ഭാഷകള്‍ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ലക്ഷദ്വീപില്‍ തിങ്കളാഴ്ച സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിക്കാനിരിക്കെയാണ് നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ ലക്ഷദ്വീപ് അധ്യക്ഷന്‍ നല്‍കിയ ഹര്‍ജിയിൽ ഉത്തരവായത്.

മെയ് 14ലെ ഉത്തരവ് ജൂലൈ ഒന്നുമുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യരുതെന്നും ആയിരുന്നു ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിലപാട്. എങ്കിലും മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഭാഷാപരിഷ്‌കരണം നടപ്പാക്കുന്നത് ഡിവിഷന്‍ ബെഞ്ച് തടയുകയായിരുന്നു. ഹര്‍ജി ഫയില്‍ സ്വീകരിച്ച ഹൈക്കോടതി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷനും വിദ്യാഭ്യാസ വകുപ്പിനും നോട്ടീസയച്ചു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ പത്മാകാര്‍ റാം ത്രിപാഠിയാണ് പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ തീരുമാനം ആശങ്കാജനകമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വൈവിധ്യത്തെ പൂര്‍ണ്ണമായും നടപ്പിലാക്കുന്ന കേന്ദ്ര നടപടികളുടെ പുതിയ ഉദാഹരമാണിതെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts