Your Image Description Your Image Description

രോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കും വലിയ ആരാധകരാണുള്ളത്. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവരും ഏറെയാണ്. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റിലീസിന് ഒരു വർഷം മുൻപ് സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ജൂലൈ 17 മുതലാണ് ‘ഒഡീസി’യുടെ ടിക്കറ്റ് വില്പന ആരംഭിക്കുന്നത്. ഐമാക്സ് 70 എംഎം സ്‌ക്രീനുകളുള്ള സിനിമാ തിയേറ്ററുകളിൽ മാത്രമേ ടിക്കറ്റുകൾ ലഭ്യമാകൂ.

നിശ്ചിത ഷോ ടൈമുകളുടെ ടിക്കറ്റുകൾ മാത്രമാണ് ഇപ്പോൾ വില്പന ആരംഭിച്ചിരിക്കുന്നത്. മറ്റ് ഫോർമാറ്റുകളുടെയും പ്രദർശനങ്ങളുടെയും ടിക്കറ്റുകൾ സിനിമയുടെ റിലീസിനോട് അനുബന്ധിച്ചാകും വിതരണം ചെയ്യുക എന്നാണ് വിവരം. സിനിമയുടെ ടീസർ നേരത്തെ സോഷ്യൽ മീഡിയയിലൂടെ ലീക്കായിരുന്നു. ഒരു മിനിറ്റ് 19 സെക്കൻഡ് നീളമുള്ള ടീസറാണ് ഇപ്പോൾ ലീക്കായത്. ടീസറിന്റെ എച്ച്ഡി വേർഷനുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്‌. ഹോളിവുഡ് ചിത്രം ജുറാസിക് വേൾഡ് റീബെർത്തിനൊപ്പം വിദേശ രാജ്യത്തെ തിയേറ്ററുകളിൽ ഒഡീസിയുടെ ടീസറും പ്രദർശിപ്പിച്ചിരുന്നു. ഇതാണ് ടീസർ ലീക്ക് ആകാനുള്ള കാരണമെന്നാണ് പലരും ട്വിറ്ററിൽ കുറിക്കുന്നത്.

അതേസമയം ടീസറിന്റെ ഒറിജിനൽ പതിപ്പ് ഉടൻ അണിയറപ്രവർത്തകർ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ടോം ഹോളണ്ട് അവതരിപ്പിക്കുന്ന ടെലിമാക്കസ് എന്ന കഥാപാത്രത്തെയാണ് ഈ ടീസറിലൂടെ അവതരിപ്പിക്കുന്നത്. ഗ്രീക്ക് മഹാകവി ഹോമറിന്‍റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 2026 ജൂലൈ 17 നാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്‍റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്‍റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്.

Related Posts