Your Image Description Your Image Description

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തില്‍ കേരള സര്‍വകലാശാല റജിസ്ട്രാര്‍ ഡോ.കെ.എസ്. അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മലിന്റെ നടപടിക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു. താല്‍ക്കാലിക വിസിയുടേത് അമിതാധികാര പ്രയോഗമാണെന്നും റജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു. ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി ആ സ്ഥാനത്തെത്തിയതെന്നും വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

‘അധികാരദുര്‍വിനിയോഗമാണ് വൈസ് ചാന്‍സിലര്‍ നടത്തിയിട്ടുള്ളത്. കേരള സര്‍വകലാശാലയുടെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് യാതൊരു കാരണവശാലും അദ്ദേഹത്തിന് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറുടെ അപ്പോയിന്റിങ് അതോറിറ്റി സിന്‍ഡിക്കേറ്റാണ്. സിന്‍ഡിക്കേറ്റിന് മുമ്പാകെ ഇക്കാര്യം വേണമെങ്കില്‍ വൈസ്ചാന്‍സിലര്‍ക്ക് വെക്കാം എന്നല്ലാതെ നേരിട്ട് രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിസിക്ക് ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ല.’ – ആര്‍. ബിന്ദു പറഞ്ഞു.

‘വളരെ നേരത്തേ തന്നെ ഈ പരിപാടിയുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കി കഴിഞ്ഞിട്ടുണ്ട് എന്നതാണ് രജിസ്ട്രാര്‍ അറിയിച്ചത്. അങ്ങനെയെങ്കില്‍ വ്യാജമായ ആരോപണത്തെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അത് അമിതാധികാരപ്രവണതയാണ്. ശിലാന്യാസത്തിലടക്കം പങ്കെടുത്ത് ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് കേരള സര്‍വകലാശാല വിസി സ്ഥാനത്ത് നിയോഗിക്കപ്പെട്ടയാളാണ്.’

‘അദ്ദേഹം താത്കാലിക വിസിയാണെന്നും അധികാരപരിധിക്ക് അപ്പുറത്തേക്ക് പോയിട്ടാണ് രജിസ്ട്രാര്‍ക്കെതിരേ ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്നും ആര്‍. ബിന്ദു പറഞ്ഞു. കടുത്ത കാവിവത്കരണ പരിശ്രമങ്ങളുമായി ചില ചാന്‍സിലര്‍മാര്‍ ഇവിടെ വന്ന് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനാണ് തീരുമാനിച്ചിട്ടുള്ളതെങ്കില്‍ അത് ആ നിലയില്‍ കൈകാര്യം ചെയ്യും.’- ആര്‍. ബിന്ദു കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts