
ഇന്ത്യയിലെ ക്രിയേറ്റർമാർക്കായുള്ള ഷോപ്പിങ് സംവിധാനങ്ങൾ കൂടുതൽ വിപുലീകരിച്ച് യൂട്യൂബ്. ഉത്സവകാല വിൽപ്പന മുന്നിൽക്കണ്ട് പ്രഖ്യാപിച്ച പുതിയ മാറ്റങ്ങളുടെ ഭാഗമായി ആമസോൺ ഉൾപ്പെടെയുള്ള പ്രമുഖ ഇ-കോമഴ്സ് പ്ലാറ്റ്ഫോമുകളെ യൂട്യൂബ് ഷോപ്പിങ് അഫിലിയേറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിയോ, മീഷോ, സ്നാപ്ഡീൽ, ടാറ്റാ ക്ലിക്ക് തുടങ്ങിയവയും പുതുതായി പങ്കാളികളായിട്ടുണ്ട്. ഈ സംവിധാനത്തിലൂടെ ക്രിയേറ്റർമാർക്ക് തങ്ങളുടെ വീഡിയോകളിലൂടെ ഉൽപ്പന്നങ്ങൾ ശുപാർശ ചെയ്ത് ഓരോ വിൽപ്പനയ്ക്കും മികച്ച കമ്മീഷൻ നേടാൻ സാധിക്കും. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിലെ ക്രിയേറ്റർമാരുടെ ശരാശരി അഫിലിയേറ്റ് വരുമാനത്തിൽ 160 ശതമാനത്തിലധികം വർധനയുണ്ടായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം.
ഷോപ്പിംഗ് അനുഭവം കൂടുതൽ എളുപ്പമാക്കുന്നതിനായി വിപ്ലവകരമായ ചില എഐ ഫീച്ചറുകളും യൂട്യൂബ് അവതരിപ്പിച്ചിട്ടുണ്ട്. വീഡിയോ കാണുന്നതിനിടെ ഉൽപ്പന്നങ്ങളുടെ സവിശേഷതകളെക്കുറിച്ച് ചാറ്റ്ബോട്ട് മാതൃകയിൽ നേരിട്ട് സംശയം ചോദിക്കാനും തുടർചോദ്യങ്ങൾ ഉന്നയിക്കാനുമുള്ള പുതിയ സംവിധാനം ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ആഗോള പ്രേക്ഷകരുള്ള ഇന്ത്യൻ ക്രിയേറ്റർമാർക്ക് വലിയ നേട്ടമാകുന്ന രീതിയിൽ, പ്രേക്ഷകർ നിൽക്കുന്ന സ്ഥലത്തിനനുസരിച്ച് ഉൽപ്പന്ന ടാഗുകളും പ്രാദേശിക കറൻസിയിലെ വിലയും സ്വമേധയാ മാറുന്ന പുതിയ ഫീച്ചറും കമ്പനി കൊണ്ടുവന്നിട്ടുണ്ട്.
ബ്രാൻഡുകളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന ക്രിയേറ്റർമാർക്കായി പ്രത്യേക എഐ ടൂളുകളും നിലവിൽ വന്നിട്ടുണ്ട്. ക്യാമ്പയ്നുകൾക്കായി ബ്രാൻഡുകൾക്ക് നിർദേശങ്ങൾ നൽകാനും പ്രതികരണങ്ങൾക്ക് മറുപടി നൽകാനും ഈ സാങ്കേതികവിദ്യ സഹായിക്കും. അടുത്ത വർഷം ഇന്ത്യയിൽ പ്രത്യേക അഫിലിയേറ്റ് ക്യാമ്പെയ്നുകൾ ആരംഭിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ ബ്രാൻഡുകൾക്ക് ക്രിയേറ്റർമാരെ നേരിട്ട് ക്ഷണിക്കാനും ഉയർന്ന കമ്മീഷൻ നിരക്കുകൾ വാഗ്ദാനം ചെയ്യാനും സാധിക്കും.
ന്യൂയോർക്കിൽ നടന്ന ‘മെയ്ഡ് ഓൺ യൂട്യൂബ്’ പരിപാടിയിലാണ് വീഡിയോ എഡിറ്റിങ് രംഗത്തെ പുതിയ എഐ മാറ്റങ്ങളും പ്രഖ്യാപിച്ചത്. ഷോർട്സിലും യൂട്യൂബ് ക്രിയേറ്റ് ആപ്പിലും ജെമിനി അടിസ്ഥാനമാക്കിയുള്ള സംഭാഷണത്തിലൂടെ വീഡിയോകൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യവും, തമ്പ്നെയിലുകളുടെ പ്രകടനം സ്വമേധയാ നിരീക്ഷിക്കുന്ന ഡൈനാമിക് സംവിധാനവും ഈ വർഷം തന്നെ ഉപയോക്താക്കൾക്ക് ലഭ്യമാകും. വ്യക്തികളുടെ രൂപവും ശബ്ദവും ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള സുരക്ഷാ സംവിധാനങ്ങളും കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
