Home » Blog » kerala Max » യുദ്ധത്തിന് പണം കണ്ടെത്താൻ പുതിയ നീക്കവുമായി യുക്രെയ്ൻ; അശ്ലീല ചിത്ര നിർമാണം നിയമവിധേയമാക്കാനുള്ള തയ്യാറെടുപ്പുകളിലെന്ന് റിപ്പോർട്ട്
selensky-680x450

കീവ്: റഷ്യയുമായുള്ള യുദ്ധത്തിന് കൂടുതൽ പണം കണ്ടെത്താൻ അശ്ലീല ഉള്ളടക്കങ്ങളുടെ നിർമാണവും വിതരണവും നിയമവിധേയമാക്കാൻ യുക്രെയ്ൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അഡൾട്ട് എന്റർടെയ്ൻമെന്റ് വ്യവസായത്തെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലേക്ക് കൊണ്ടുവന്ന് നികുതി ഈടാക്കിയാൽ ഏകദേശം 250 കോടി ഡോളർ അധിക വരുമാനം നേടാനാകുമെന്നാണ് യുക്രെയ്ൻ പാർലമെന്റംഗം യാരോസ്‌ലാവ് ഷെലെസ്നിയാക്ക് അവതരിപ്പിച്ച ബില്ലിൽ പറയുന്നതെന്ന് ദ് വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ലഭിക്കുന്ന പണം ഉപയോഗിച്ച് 30,000 സൈനിക ഡ്രോണുകൾ വാങ്ങി യുദ്ധത്തിനായി ഉപയോഗിക്കാമെന്നും പാർലമെന്റിന്റെ ധനകാര്യ സമിതി അധ്യക്ഷനായ ഷെലെസ്നിയാക് പറയുന്നു.

നിലവിൽ യുക്രെയ്നിൽ അശ്ലീല ഉള്ളടക്കങ്ങൾ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും കുറ്റകരമാണ്. പിടിക്കപ്പെട്ടാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാം. എന്നാൽ പൊലീസിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാജ്യത്ത് അശ്ലീല ചിത്ര നിർമാണം വലിയ രീതിയിൽ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി അഡൾട്ട് കണ്ടന്റ് ക്രിയേറ്റർമാരിൽനിന്ന് നികുതി പിരിക്കാനുള്ള നടപടികൾ യുക്രെയ്ൻ അടുത്തിടെ തുടങ്ങിയിരുന്നു. എന്നാൽ നിലവിലെ നിയമപ്രകാരം കുറ്റകരമായ പ്രവർത്തനമായി കണക്കാക്കപ്പെടുമെന്നതിനാൽ പലരും തങ്ങളുടെ വരുമാനം വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല.

നികുതി നൽകാതെയും നിലവിലെ ക്രിമിനൽ നിയമനടപടി നേരിടാതെയും പോകുന്ന സാഹചര്യം ഒരേസമയം സങ്കടകരവും വിചിത്രവുമാണെന്ന് ഷെലെസ്നിയാക് പ്രതികരിച്ചു. അതേസമയം, അശ്ലീല ഉള്ളടക്ക നിർമാണം മറച്ചുവയ്ക്കാൻ മൂന്ന് മേഖലകളിലെ ഉദ്യോഗസ്ഥർ ഏകദേശം 20,000 ഡോളർ കൈക്കൂലി വാങ്ങിയതായി യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതായത്, നിയമവിരുദ്ധമായി നടക്കുന്ന ഒരു വ്യവസായത്തെ നിയന്ത്രിച്ച് നികുതി വരുമാനമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ മുന്നിലുള്ളത്.

സ്വകാര്യ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമായ ഒൺലിഫാൻസിൽനിന്ന് 2023ൽ 7,900 യുക്രെയ്ൻകാർക്ക് 1,310 കോടി ഡോളർ വരുമാനം ലഭിച്ചിരുന്നുവെന്നും വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് പറയുന്നു. യുദ്ധം തുടരുന്നതിനിടെ വരുമാന മാർഗങ്ങൾ തേടുന്ന യുക്രെയ്ൻ, നിലവിൽ കുറ്റകരമായ മേഖലയായി കണക്കാക്കുന്ന അഡൾട്ട് കണ്ടന്റ് വ്യവസായത്തെ നിയമപരമായി നിയന്ത്രിച്ച് നികുതി ഈടാക്കണമെന്ന നിർദേശമാണ് ഇപ്പോൾ പരിഗണിക്കുന്നത്. നിർദേശം നടപ്പായാൽ അതിലൂടെ ലഭിക്കുന്ന വരുമാനം യുദ്ധാവശ്യങ്ങൾക്കായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *