
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെക്കുറിച്ചുള്ള കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിൽ പൊലീസിൽ പരാതി നൽകി ബിജെപി. പാറ്റ്നയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലു ഔദ്യോഗികമായി പരാതി നൽകിയത്. ഖാർഗെയ്ക്കെതിരെ ബിജെപി നേതാക്കൾ രാജ്യവ്യാപകമായി വിമർശനം ശക്തമാക്കിയതിന് പിന്നാലെയാണ് നിയമനടപടിയുമായി പാർട്ടി രംഗത്തെത്തിയത്. പരാതിയിൽ പൊലീസ് സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബിഹാറിലെ പാറ്റ്നയിൽ ഡോ. ശ്രീ കൃഷ്ണ സിങ്ങിന്റെ 139-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് ഖാർഗെയുടെ ഭാഗത്തുനിന്ന് വിവാദ പരാമർശമുണ്ടായത്. പ്രധാനമന്ത്രിക്ക് നിരന്തരം നുണ പറയുന്ന സ്വഭാവമുണ്ടെന്നും, അധികാരത്തിലെത്തിയാൽ നൂറുദിവസത്തിനുള്ളിൽ വിദേശത്തുള്ള മുഴുവൻ കള്ളപ്പണവും തിരികെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത ആ പണം എവിടെയെന്നും ഖാർഗെ പ്രസംഗത്തിൽ ചോദിച്ചു.
കേന്ദ്ര സർക്കാരിനെതിരെ ഖാർഗെ സംസാരിക്കുന്നതിനിടെ, പ്രധാനമന്ത്രി മോദി എവിടെയും പോകില്ലെന്ന് സദസ്സിൽ നിന്നൊരാൾ ഉറക്കെ വിളിച്ചുപറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതിന് മറുപടിയായി ‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരും’ എന്നായിരുന്നു ഖാർഗെയുടെ പ്രകോപനപരമായ പ്രതികരണം. ഈ പരാമർശം വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തുകയായിരുന്നു. ഇതിനു പിന്നാലെ മോദി അനുകൂല നിലപാട് സദസ്സിൽ വിളിച്ചുപറഞ്ഞയാളെ സംഘാടകർ ഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
