
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദുരന്തത്തില്‍ ഏകദേശം 600 പേരെ കാണാതായി. ദുരന്ത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അതിര്‍ത്തിയുടെ ഇരുവശങ്ങളിലും തിരച്ചില്‍ പുരോഗമിക്കുകയാണെന്നും ഇതുവരെ 88 പേരെ രക്ഷപ്പെടുത്തിയതായും നേപ്പാള്‍ സൈന്യം അറിയിച്ചു.
പ്രളയത്തില്‍ ഏകദേശം 466 വിനോദസഞ്ചാരികളെ കാണാതായെന്നാണ് റിപ്പോര്‍ട്ട്. 28 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുവരെ കാണാതായ വിനോദസഞ്ചാരികളില്‍ 113 പേര് നേപ്പാളികളും 54 പേര് യുഎസില്‍ നിന്നുള്ളവരും 33 പേര് യുകെ പൗരന്മാരുമാണ് എന്നാണ് പൊലീസ് നല്കുന്ന വിവരം. 133 ഇന്ത്യക്കാരെ കാണാതായതായും റിപ്പോർട്ടുണ്ട്. കൈലാസ് മാനസരോവർ യാത്രക്കെത്തിയതാണ് ഇവരെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബുധനാഴ്ച പുലര്‍ച്ചെയായായിരുന്നു നേപ്പാളിലെ ടിബറ്റന്‍ അതിര്‍ത്തിക്കടുത്ത് മിന്നല്‍പ്രളയമുണ്ടായത്. മഞ്ഞുമല ഇടിഞ്ഞുവീണതാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക കണ്ടെത്തല്‍. ഗ്രാമങ്ങളും നൂറുകണക്കിന് ട്രക്കുകളും ഒലിച്ചുപോയ പ്രളയത്തില്‍ നേപ്പാളിലെ ഒരു ഡസനോളം ജലവൈദ്യുത പദ്ധതികള്‍ തകരാറിലായിട്ടുണ്ട്.
