പുനലൂർ താലൂക്ക് ആശുപത്രിയിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ കൊടിപിടിച്ച് സ്വീകരണം നൽകിയ സംഭവത്തിൽ ന്യായീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. താൻ വന്നപ്പോൾ സ്വീകരണം ഉണ്ടായിരുന്നില്ലെന്നും മടങ്ങിപ്പോകുമ്പോഴാണ് പ്രവർത്തകർ എത്തിയതെന്നും മന്ത്രി പറഞ്ഞു. മഴ കാരണമാണ് പുറത്തുനിന്നവർ ആശുപത്രിക്കുള്ളിലേക്ക് കയറിയതെന്നും, ഇനി മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് സൂപ്രണ്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിന് മരുന്നുകൾ എത്തിക്കുന്നുണ്ടെന്നും മരുന്നില്ലെന്ന് ചിലർ വെറുതെ പ്രചരിപ്പിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. വാർത്തകളിൽ നെഗറ്റീവ് കാര്യങ്ങൾക്കൊപ്പം പോസിറ്റീവ് വശങ്ങൾ കൂടി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, പുതിയ ഉമ്മൻ ചാണ്ടി ആരോഗ്യ സ്കീം നടപ്പിലാക്കുന്നതിനുള്ള ഫയൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിട്ടുണ്ടെന്നും അതിൽ സ്വകാര്യ മേഖലയോടുള്ള മുൻവിധികൾ പാടില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
ആശുപത്രികൾക്കുള്ളിൽ കൊടിപിടിച്ചുള്ള രാഷ്ട്രീയ പ്രവർത്തനം അനുവദിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മന്ത്രി, എൻ.ജി.ഒ അസോസിയേഷൻ നേതാക്കൾ നൽകിയ സ്വീകരണവും ഷാളും സന്തോഷത്തോടെ സ്വീകരിച്ച ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വിശദീകരണവുമായി മന്ത്രി തന്നെ രംഗത്തെത്തിയത്.
