Home » Blog » kerala Max » മണ്ഡപത്തിൽ വധു കാത്തിരുന്നു, വരൻ സ്വർണ്ണവുമായി മുങ്ങി; സിനിമാറ്റിക്കായ തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് കുടുക്കി
POLICE- (1)

യുവതിയെ പീഡിപ്പിക്കുകയും ലക്ഷക്കണക്കിന് രൂപയും സ്വർണ്ണവും തട്ടിയെടുത്ത് മുങ്ങുകയും ചെയ്ത പ്രതിയെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് പോസ്റ്റ് ഓഫീസിന് സമീപം താമസിക്കുന്ന സച്ചിൻകുമാർ (32) ആണ് പിടിയിലായത്. 29-കാരിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് നാല് വർഷത്തോളം പലയിടങ്ങളിലെത്തിച്ച് പീഡിപ്പിക്കുകയും, വിവിധ ആവശ്യങ്ങൾ പറഞ്ഞ് 9 ലക്ഷം രൂപയും ഏഴ് പവൻ സ്വർണ്ണവും ഇയാൾ കൈക്കലാക്കുകയുമായിരുന്നു. പ്രതി മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് പിടിയിലാകുന്നത്.

കഴിഞ്ഞ മാർച്ച് 30-ന് ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് വിവാഹം നടത്താമെന്നായിരുന്നു സച്ചിൻ യുവതിക്ക് ഉറപ്പ് നൽകിയിരുന്നത്. ഇതനുസരിച്ച് യുവതിയും ബന്ധുക്കളും ക്ഷേത്രത്തിലെത്തിയെങ്കിലും വരനായ സച്ചിൻകുമാർ എത്തിയില്ല. തന്റെ അടുത്ത സുഹൃത്ത് തിരുവല്ലത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചുവെന്നും, അതിനാൽ വരാൻ സാധിക്കില്ലെന്നുമുള്ള വ്യാജ സന്ദേശം നൽകി ഇയാൾ വിവാഹത്തിൽ നിന്ന് മനഃപൂർവ്വം പിന്മാറുകയായിരുന്നു. എന്നാൽ പിന്നീട് പേരൂർക്കട സബ് രജിസ്ട്രാർ ഓഫീസിൽ വെച്ച് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നു എന്നറിഞ്ഞതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം യുവതി മനസ്സിലാക്കുന്നത്.

തുടർന്ന് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിഴിഞ്ഞം പോലീസ് കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ സച്ചിൻകുമാർ ഉടൻ തന്നെ ബംഗളൂരുവിലേക്ക് ഒളിവിൽ പോയി. വിഴിഞ്ഞം പോലീസ് കേരളത്തിലെ മുഴുവൻ സ്റ്റേഷനുകളിലും റെയിൽവേ പോലീസിലും ലുക്ക് ഔട്ട് വിവരങ്ങൾ കൈമാറിയതിനെ തുടർന്ന്, പാലക്കാട്ടുവെച്ച് തീവണ്ടിയിൽ നിന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിഴിഞ്ഞം എസ്.എച്ച്.ഒ. റെജി രാജ്, എ.എസ്.ഐ. എസ്. സാബു, എസ്.സി.പി.ഒ. വിനയകുമാർ, സി.പി.ഒ. രെജിൻ എന്നിവരടങ്ങിയ സംഘം പാലക്കാട്ടെത്തി പ്രതിയെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നിലവിൽ റിമാൻഡ് ചെയ്തു.