
മലപ്പുറം: ദേശീയപാതയുടെ മധ്യഭാഗത്തുനിന്ന് ഇരുവശത്തേക്കും 40 മീറ്ററിനുള്ളിൽ പാർപ്പിട ആവശ്യങ്ങൾക്കും 75 മീറ്ററിനുള്ളിൽ വാണിജ്യ ആവശ്യങ്ങൾക്കും ഭൂമി ഉപയോഗിക്കുന്നത് വിലക്കുകയും നിലവിലുള്ള അനുമതികൾ പുനഃപരിശോധിക്കാൻ നിർദേശിക്കുകയും ചെയ്ത സുപ്രീം കോടതി ഇടക്കാല ഉത്തരവിനെതിരെ പ്രക്ഷോഭം ആരംഭിക്കാൻ ദേശീയപാത ആക്ഷൻ കൗൺസിൽ. കുറ്റിപ്പുറത്ത് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഉത്തരവ് നടപ്പാക്കിയാൽ സംസ്ഥാനത്ത് വലിയ സാമൂഹിക പ്രത്യാഘാതവും വികസന മുരടിപ്പും ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.
രാജസ്ഥാനിലും തെലങ്കാനയിലും ഉണ്ടായ വാഹനാപകടങ്ങളെ തുടർന്ന് കോടതി സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ് ഉണ്ടായത്. കേരളത്തിലെ വാസയോഗ്യമായ ഭൂമിയുടെ കുറവ്, ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരുന്ന ജനസംഖ്യ, ദേശീയപാതയോരങ്ങളിലെ ഉയർന്ന കെട്ടിട സാന്ദ്രത എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ദേശീയപാതയുടെ വീതി 60 മീറ്ററിൽനിന്ന് 45 മീറ്ററായി കുറച്ചതെന്ന് ആക്ഷൻ കൗൺസിൽ ചൂണ്ടിക്കാട്ടി. എന്നാൽ പുതിയ ഉത്തരവ് നടപ്പാക്കിയാൽ ദേശീയപാതയുടെ വീതി 150 മീറ്ററായി ഉയർത്തുന്നതിന് തുല്യമായ സാഹചര്യമുണ്ടാകുമെന്നും അവർ ആരോപിച്ചു.
എൻഎച്ച് 66ൽ പാതയുടെ ഇരുവശത്തുമായി 52.5 മീറ്റർ വീതം ഭൂമി നഷ്ടപരിഹാരം നൽകാതെ ഏറ്റെടുക്കുന്നതിന് തുല്യമായി മാറുന്ന സാഹചര്യമുണ്ടാകുമെന്നും ആക്ഷൻ കൗൺസിൽ വിലയിരുത്തി. ഇതോടെ ഏകദേശം 16,650 ഏക്കർ ഭൂമി ബാധിക്കപ്പെടുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഉത്തരവ് അശാസ്ത്രീയവും അപ്രായോഗികവും ജനവിരുദ്ധവുമാണെന്നും അത് നടപ്പാക്കിയാൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നേതാക്കൾ വ്യക്തമാക്കി.
ഹാഷിം ചേന്ദാമ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. ടി.കെ. സുധീർകുമാർ, കുഞ്ഞാലൻ ഹാജി, സി.കെ. ശിവദാസൻ, എ.ടി. മഹേഷ്, കെ.വി. സത്യൻ, കെ.കെ. ഹംസക്കുട്ടി, സുരേന്ദ്രൻ, അനൂപ് ജോൺ, കെ.പി. വഹാബ്, ഷറഫുദ്ദീൻ, ഷാഫി എട്ടുവീട്ടിൽ, സി.വി. ബോസ്, പ്രദീപ് ചോമ്പാല, കെ.എസ്. സക്കരിയ, കുഞ്ഞുമോൻ അയങ്കലം തുടങ്ങിയവർ സംസാരിച്ചു. സുപ്രീം കോടതി ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യവുമായി തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനാണ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം.
