Your Image Description Your Image Description

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ തന്നെ സസ്പെന്‍ഡ് ചെയ്ത് കേരള വൈസ് ചാന്‍സലറുടെ നടപടിക്കെതിരെ രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍ കുമാര്‍ കോടതിയെ സമീപിക്കും. സസ്‌പെന്‍ഷനെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാര്‍ അനില്‍കുമാര്‍ പറഞ്ഞു.

അതേസമയം വി സിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും, രജിസ്ട്രാര്‍ക്ക് പദവിയില്‍ തുടരാമെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു പറഞ്ഞു. നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. നിയമോപദേശം തേടിയശേഷം സര്‍ക്കാരും കോടതിയെ സമീപിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

രജിസ്ട്രാറുടെ ഭാഗത്തു നിന്നും ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. വിസി അമിതാധികാര പ്രയോഗം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. സംഘര്‍ഷം ഒഴിവാക്കാനും മതേതരസ്വഭാവം നിലനിര്‍ത്താനുമാണ് രജിസ്ട്രാര്‍ ശ്രമിച്ചത്. വളരെ കൗശലപൂര്‍വ്വം നടപ്പാക്കുന്ന കാവിവല്‍ക്കരണ അജണ്ടയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധരാണെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

അതേസമയം ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്നുണ്ടായ നടപടികളാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. എസ്എഫ്‌ഐ പ്രതിഷേധത്തെത്തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി രജിസ്ട്രാര്‍ സംഘാടകരെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ വേദിയിലായിരിക്കുമ്പോള്‍ ഹാളിലെ പരിപാടിക്കുള്ള അനുമതി റദ്ദാക്കിയ രജിസ്ട്രാറുടെ നടപടി ധിക്കാരപരമാണെന്നും ഗവര്‍ണര്‍ പദവിയോടുള്ള അനാദരവാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു രജിസ്ട്രാറെ വിസി സസ്പെൻഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts