സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷം മന്ത്രി എൻ. ഷംസുദ്ദീൻ നടത്തുന്ന ആദ്യ പരീക്ഷാഫല പ്രഖ്യാപനമാണിത്. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ഫലം പുറത്തുവിടും.
ആകെ 4,52,437 വിദ്യാർത്ഥികളാണ് ഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷകൾ മുടങ്ങിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. അടുത്ത മാസം തന്നെ സേ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടാകും. ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷാഫലം ജൂൺ പത്തിന് പ്രസിദ്ധീകരിക്കും. നേരത്തെ മെയ് 22-ന് പ്രഖ്യാപിക്കാനിരുന്ന ഫലം ചില സാങ്കേതിക തടസ്സങ്ങൾ മൂലമാണ് ഇന്നത്തേക്ക് മാറ്റിവച്ചത്.
