Home » Blog » kerala Max » പ്രതിയുടെ ലക്ഷ്യം വിമാനം ഇസ്രയേലിലെത്തിച്ച് തകർക്കുക? സ്മിത് മച്ച്ഛറിനെ ആക്രമിച്ച ഒമാൻ പൗരൻ ഹമാം അൽ ഹമ്മാമിന് അൽഖായിദയോട് അനുഭാവം; ലിങ്ക്ഡ്ഇന്നിൽ അയ്മൻ അൽ സവാഹിരിയുടെയും ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയുടെയും ചിത്രങ്ങൾ
5

ടെൽഅവീവ്: ഇസ്രയേലിലേക്കുള്ള ഫ്ലൈദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ച്ഛറിനെ ആക്രമിച്ച ഒമാനി കോ-പൈലറ്റിനെതിരെ നേരത്തെയും സുരക്ഷാ ആശങ്കകൾ ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ഒമാൻ എയറിൽ ജോലി ചെയ്തിരുന്ന സമയത്ത് 2024ൽ ഇയാളുടെ കൈവശം തീവ്രവാദവുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സിഎൻഎന്നിനോട് സംസാരിച്ച നയതന്ത്ര വൃത്തങ്ങളും സമാന വിവരങ്ങൾ നൽകിയിട്ടുണ്ട്.

2024 ൽ ഒമാൻ എയറിൽ ട്രെയിനി കോ-പൈലറ്റായി ജോലി ചെയ്യുന്നതിനിടെയാണ് ഇയാൾ സുരക്ഷാ ഭീഷണിയാണെന്ന് അധികൃതർ തിരിച്ചറിഞ്ഞതെന്നാണ് വിവരം. തുടർന്ന് ഇയാളെ സസ്‌പെൻഡ് ചെയ്തെങ്കിലും വിമാനക്കമ്പനിയിൽ നിന്ന് പൂർണമായി പുറത്താക്കിയിരുന്നില്ല. പിന്നീട് ഭരണപരമായ ജോലിയിലേക്ക് മാറ്റിയെന്നുമാണ് റിപ്പോർട്ടുകൾ. ഇയാൾ എങ്ങനെ ഫ്ലൈദുബായിൽ ജോലിയിൽ പ്രവേശിക്കുകയും ടെൽ അവീവിലേക്ക് പോയ വിമാനത്തിൽ ഫസ്റ്റ് ഓഫീസറായി സേവനമനുഷ്ഠിക്കുകയും ചെയ്തു എന്ന കാര്യത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

സംഭവത്തിൽ പ്രതിയായ കോ-പൈലറ്റ് ഹമാം അൽ ഹമ്മാമി എന്ന ഒമാനി പൗരനാണെന്ന് തിരിച്ചറിഞ്ഞു. പിതാവ് ഒമാനിയും മാതാവ് സിറിയക്കാരിയുമാണ്. യുഎഇയിലാണ് ഇയാൾ ജനിച്ചതെന്നുമാണ് വിവരം. ഈ വിഷയവുമായി ബന്ധപ്പെട്ട രണ്ട് വൃത്തങ്ങളും ഒരു ഇസ്രയേലി ഉദ്യോഗസ്ഥനും ഇക്കാര്യം സിഎൻഎന്നിനോട് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇയാളുടേതെന്ന് കരുതുന്ന ലിങ്ക്ഡ്ഇൻ പ്രൊഫൈൽ സംഭവത്തിന് പിന്നാലെ നീക്കം ചെയ്തിരുന്നു. ഒമാൻ എയറിൽ ഏഴ് വർഷം ജോലി ചെയ്തിരുന്നതായി പ്രൊഫൈലിൽ രേഖപ്പെടുത്തിയിരുന്നു. ഈ പ്രൊഫൈൽ ഫ്ലൈദുബായ് വിമാനത്തിലെ കോ-പൈലറ്റിന്റേതാണെന്ന് ഒരു ഉറവിടം സിഎൻഎന്നിനോട് സ്ഥിരീകരിച്ചു.

സംഭവത്തിന് ഏകദേശം ഒമ്പത് മണിക്കൂറിന് ശേഷം ബുധനാഴ്ചയാണ് പ്രൊഫൈലിൽ രണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ഇവ നേരത്തെ ഷെഡ്യൂൾ ചെയ്തതാണോ അതോ മറ്റാരെങ്കിലും അപ്‌ലോഡ് ചെയ്തതാണോ എന്നത് വ്യക്തമല്ല. ആദ്യ പോസ്റ്റിൽ ബോയിങ് 737 മാക്സ് വിമാനത്തിന്റെ കോക്പിറ്റിനുള്ളിൽനിന്നുള്ള നിരവധി വീഡിയോകളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലേക്ക് തിരിച്ചുവിട്ട ഫ്ലൈദുബായ് വിമാനവും ബോയിങ് 737 മാക്സ് ആയിരുന്നു. വീഡിയോയുടെ അവസാനം അൽഖായിദ മുൻ നേതാവ് ഒസാമ ബിൻ ലാദന്റെ മരണശേഷം സംഘടനയുടെ നേതൃത്വം ഏറ്റെടുത്ത അയ്മൻ അൽ സവാഹിരിയുടെയും 2009ൽ അഫ്ഗാനിസ്ഥാനിലെ സിഐഎ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ ചാവേർ ആക്രമണം നടത്തിയ ഹുമാം ഖലീൽ അബു-മുലാൽ അൽ-ബലാവിയുടെയും ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

രണ്ടാമത്തെ പോസ്റ്റിൽ ഇസ്ലാമിന്റെ മൂന്ന് പ്രധാന പുണ്യസ്ഥലങ്ങളായ മക്ക, മദീന, ജറുസലേം എന്നിവ ഉൾപ്പെടുത്തിയ എഐ നിർമിത ചിത്രം ഉണ്ടായിരുന്നുവെന്നും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. പശ്ചാത്തലത്തിൽ മുഴങ്ങിയ കവിതയിൽ അപമാനം അംഗീകരിക്കില്ലെന്നും മരണത്തെ ഭയപ്പെടില്ലെന്നും സ്വന്തം അഭിമാനത്തിനായി നിലകൊള്ളുമെന്നും പറയുന്ന വരികളുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *