Home » Blog » Kerala » ‘പ്രതിപക്ഷം ഈ അവസരം മുതലാക്കണം, യുവാക്കളെ അവഗണിക്കാൻ കഴിയില്ല’; കോക്രോച്ച് ജനത പാര്‍ട്ടിയുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച് ശശി തരൂര്‍
8

ന്യൂഡൽഹി: കേന്ദ്രത്തിന്‍റെ കര്‍ശന നടപടികൾക്കിടയിലും അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ് കോക്രോച്ച് ജനത പാര്‍ട്ടി. സോഷ്യൽമീഡിയ അക്കൗണ്ട് പൂട്ടിച്ചിട്ടും ബദലായി തുടങ്ങിയ അക്കൗണ്ടിലേക്കും ലക്ഷങ്ങൾ ആകര്‍ഷിക്കപ്പെടുകയാണ്. സിജെപിയുടെ എക്സ് അക്കൗണ്ടിന് താഴിട്ടത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ഇതിനെതിരെ കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തി. അക്കൗണ്ട് ബ്ലോക്ക് ചെയ്തതിനെ ബുദ്ധിശൂന്യമെന്ന് വിശേഷിപ്പിച്ച തരൂര്‍ യുവാക്കൾക്ക് സ്വയം പ്രകടിപ്പിക്കാൻ വേദിയുണ്ടാകണമെന്നും അഭിപ്രായപ്പെട്ടു. ഇൻസ്റ്റാഗ്രാമിൽ 19 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പെട്ടെന്നുള്ള ഉയർച്ചയിൽ തനിക്ക് കൗതുകം തോന്നിയെന്നും കോൺഗ്രസ് എംപി പറഞ്ഞു. ബുധനാഴ്ചയാണ് പാര്‍ട്ടിയുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചത്.

“യുവാക്കളുടെ നിരാശ എനിക്ക് മനസ്സിലാകും, അവർ എന്തുകൊണ്ടാണ് ഇതിനോട് യോജിക്കുന്നതെന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് എക്സ് അക്കൗണ്ട് പൂട്ടിയത് വിനാശകരവും തികച്ചും വിവേകശൂന്യവുമാണെന്ന് ഞാൻ പറയുന്നത്. യുവാക്കൾക്ക് അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഒരു വഴി ഉണ്ടായിരിക്കണം, അതിനാൽ സിജെപിയുടെ അക്കൗണ്ട് അടച്ചുപൂട്ടുന്നതിന് പകരം അത് പ്രവർത്തിക്കാൻ അനുവദിക്കൂ. ജനാധിപത്യത്തിന് വിയോജിപ്പുകൾക്കും ഹാസ്യത്തിനും പരിഹാസത്തിനും, എന്തിനേറെ നിരാശ പ്രകടിപ്പിക്കുന്നതിനും പോലും വഴികൾ ആവശ്യമാണ്.” – അദ്ദേഹം കൂട്ടിച്ചേർത്തു.

“ഈ പ്രസ്ഥാനത്തിന്‍റെ ഭാവി എന്താകുമെന്ന് എനിക്ക് ഉറപ്പില്ല, എന്നാൽ ഇതിന് പിന്നിലെ യുവാക്കൾ ഈ ഊർജത്തെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് എത്തിക്കാൻ ഒരു വഴി കണ്ടെത്തുമെന്നോ, അല്ലെങ്കിൽ മാറ്റത്തിന്‍റെ ശബ്ദമാകാൻ തങ്ങളുടെ വോട്ടിലൂടെ അത് പ്രകടിപ്പിക്കുമെന്നോ ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ അവരെ ആർക്കും അവഗണിക്കാൻ കഴിയാതെയാകും.”

വൈറലായ ഈ പ്രവണത ശ്രദ്ധിക്കണമെന്നും യുവാക്കളെ തങ്ങളിലേക്ക് ആകർഷിക്കാൻ ശ്രമിക്കണമെന്നും പ്രതിപക്ഷ പാർട്ടികളോട് നിർദേശിച്ചുകൊണ്ട്, ഈ അവസരം മുതലാക്കണം എന്ന ഉപദേശത്തോടെയാണ് തരൂർ തന്‍റെ പോസ്റ്റ് അവസാനിപ്പിച്ചത്. ”പ്രതിപക്ഷം തീർച്ചയായും മുതലാക്കേണ്ട ഒരു അവസരമാണിത്” കോൺഗ്രസ് എംപി കുറിച്ചു.