
പ്രണയബന്ധത്തിൽ താൻ വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് തനിക്ക് കടുത്ത വഞ്ചന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. പെട്ടെന്ന് ആർക്കും പറ്റിക്കാൻ കഴിയുന്ന സ്വഭാവക്കാരിൽ ഒരാളല്ല താനെന്നും, അതിനാൽ ആ ചതി തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും ഐശ്വര്യ പറയുന്നു.
പ്രണയബന്ധത്തിലായിരുന്ന സമയത്തല്ല, മറിച്ച് ആ ബന്ധം തകർന്ന ശേഷമാണ് താൻ വഞ്ചിക്കപ്പെട്ട വിവരം അറിയുന്നതെന്ന് ഐശ്വര്യ വ്യക്തമാക്കുന്നു. ആ വ്യക്തിക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ ഏറ്റവും രസകരമായ കാര്യം, ആ പെൺകുട്ടിയുമായി താൻ പിന്നീട് സൗഹൃദത്തിലാവുകയും തനിക്ക് ആ കുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്തു എന്നതാണ്. തുടക്കത്തിൽ ചെറിയ വിഷമമുണ്ടായെങ്കിലും ബന്ധം കഴിഞ്ഞ ശേഷമാണ് ഇക്കാര്യം അറിഞ്ഞത് എന്നതിനാൽ താൻ അത് പെട്ടെന്ന് തന്നെ മനസ്സിൽ നിന്ന് ഒഴിവാക്കിയെന്നും ഐശ്വര്യ പറഞ്ഞു.
അതേസമയം, ഉർവശി, ജോജു ജോർജ്, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘ആശ’യാണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ സിനിമ. ചിത്രത്തിൽ ഉർവശിയുടെ മകളായിട്ടാണ് ഐശ്വര്യ എത്തുന്നത്. സെപ്റ്റംബർ 11-നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
