Home » Blog » kerala Max » പരീക്ഷാ ക്രമക്കേട്; പി.എസ്.സി ചെയർമാനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്യും!
psc--680x450 (1)

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പി.എസ്.സി ചെയർമാൻ ഡോ. എം.ആർ. ബൈജുവിനെ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് (നവംബർ 10) വീണ്ടും ചോദ്യം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഇത് മൂന്നാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബൈജുവിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസാവസാനം ബൈജുവിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് അന്വേഷണത്തിൽ ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.
നിയമവിരുദ്ധമായി യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നും ഇന്റർവ്യൂ നടപടികൾ സുതാര്യമായിരുന്നു എന്നുമാണ് മുൻപ് ചോദ്യം ചെയ്തപ്പോൾ ബൈജു എസ്.ഐ.ടിയോട് വ്യക്തമാക്കിയത്. സംഭവിച്ചത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണ്. ഇത് യഥാസമയം തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റി. കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീണ്ടും മൂല്യനിർണയം നടത്തുകയും പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, പി.എസ്.സിയിലെ പ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ചെയർമാന്റെ നേതൃത്വത്തിലുള്ള ചെറിയൊരു സംഘമാണെന്ന് ക്രൈംബ്രാഞ്ചിന് മൊഴി ലഭിച്ചതായാണ് വിവരം. കേസിന്റെ അന്വേഷണത്തോട് തുടക്കത്തിൽ സഹകരിക്കാതിരുന്ന ഡോ. ബൈജുവും മറ്റ് അംഗങ്ങളും ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായത്.

Leave a Reply

Your email address will not be published. Required fields are marked *