മംഗളൂരു – കന്യാകുമാരി പരശുറാം എക്സ്പ്രസ് പുതിയ എൽ.എച്ച്.ബി. (ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്നതോടെ ജനറൽ കോച്ചുകളുടെ എണ്ണം കുറയില്ലെന്ന് റെയിൽവേ അറിയിച്ചു. ഇതനുസരിച്ച് മംഗളൂരുവിൽ നിന്നുള്ള സർവീസ് സെപ്റ്റംബർ 22-നും, തിരിച്ച് കന്യാകുമാരിയിൽ നിന്നുള്ള സർവീസ് സെപ്റ്റംബർ 23-നും പരമ്പരാഗത ഐ.സി.എഫ്. കോച്ചുകൾ ഒഴിവാക്കി പുതിയ കോച്ചുകളിലേക്ക് മാറും. പുതിയ സംവിധാനത്തിൽ ഒരു എസ്.എൽ.ആർ.ഡി. ഉൾപ്പെടെ ആകെ 16 ജനറൽ കോച്ചുകൾ ഉണ്ടാകുമെന്നാണ് റെയിൽവേയുടെ വിശദീകരണം.
തുടക്കത്തിൽ ഒൻപത് ജനറൽ കോച്ചുകൾ മാത്രമായിരിക്കുമെന്ന തരത്തിൽ ആശയക്കുഴപ്പം ഉണ്ടായെങ്കിലും, പിന്നീട് പുറത്തിറക്കിയ തിരുത്തിയറിപ്പിലാണ് ഇക്കാര്യത്തിൽ വ്യക്തത വന്നത്. ഇതനുസരിച്ച് രണ്ട് എ.സി. ചെയർകാർ, മൂന്ന് സെക്കൻഡ് സിറ്റിങ് കോച്ച്, റിസർവേഷൻ ഇല്ലാത്ത 15 ജനറൽ കോച്ച്, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് ഉൾപ്പെടെ ആകെ 21 കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. നിലവിലുള്ളതിനേക്കാൾ നീളമേറിയ എൽ.എച്ച്.ബി. കോച്ചുകളായതിനാൽ കൂടുതൽ സീറ്റുകൾ ലഭ്യമാകുമെന്നും യാത്രക്കാർക്ക് ഇത് വലിയ ആശ്വാസമാകുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
