Your Image Description Your Image Description

പത്തനംതിട്ട: പത്തനംതിട്ടയിൽ ഹൈക്കോടതി അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിയിൽ ആഭ്യന്തര വകുപ്പിന്റെ ഗുരുതര കണ്ടെത്തൽ. 17 വയസുകാരിയെ ഹൈക്കോടതി അഭിഭാഷകൻ ബലാൽസംഗം ചെയ്ത കേസിന്റെ തുടക്കത്തിൽ നടന്നത് വലിയ അട്ടിമറിയെന്നാണ് കണ്ടെത്തൽ. ഒന്നാം പ്രതി നൗഷാദും രണ്ടാംപ്രതിയും സിഡബ്ല്യൂ സി ചെയർമാന്റെ ഓഫീസിൽ നേരിട്ട് പോയി കേസ് ഒത്തുതീർപ്പാക്കാനോ സ്വാധീനിക്കാനോ ശ്രമിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. അതിജീവിത ശക്തമായി നിലപാടെടുത്തതോടെ ഒടുവിൽ സിഡബ്ല്യൂസിക്ക് റിപ്പോർട്ട് പോലീസിന് കൈമാറണ്ടി വന്നു.

സിഡബ്ല്യൂസി റിപ്പോർട്ട് നൽകാൻ 10 ദിവസത്തെ കാല താമസം വരുത്തിയതും പ്രതികൾക്ക് ഗുണമായി മാറി. കോന്നി ഡിവൈഎസ്പിയെയും സിഐയെയും സസ്പെൻഡ് ചെയ്തുള്ള ആഭ്യന്തര വകുപ്പ് ഉത്തരവിലാണ് ഈ ഗൗരവമേറിയ കണ്ടത്തലുകൾ പരാമർശിക്കുന്നത്. ഒന്നാം പ്രതിയുടെയും ഭാര്യയുടെയും ഫോൺ കോൾ രേഖകൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്. കേസിന്റെ തുടക്കത്തിൽ ഗുരുതര വീഴ്ച വരുത്തിയതിനാണ് വകുപ്പുതല അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ഡിവൈഎസ്പിയെയും സിഐഎയും സസ്പെൻഡ് ചെയ്തത്.

അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ 17കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയായ ഹൈക്കോടതി അഭിഭാഷകൻ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് അടിമുടി സഹായമേകിയെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ കിട്ടിയ പരാതിയിൽ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പൊലീസ് പ്രതിയെ സഹായിച്ചു. പിന്നീട് പേരിന് ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തു ആറന്മുള പൊലീസിന് കൈമാറി. കേസിന്റെ തുടക്കത്തിലെ വീഴ്ചയിൽ കോന്നി ഡിവൈഎസ്പി ടി. രാജപ്പനെയും എസ് എച്ച് ഓ ശ്രീജിത്തിനെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ കോന്നി പൊലീസ് കൈമാറിയ കേസിൽ ആറന്മുള പോലീസും പ്രതിക്ക് സഹായമേക്കുന്ന രീതിയിലാണ് നടപടികൾ സ്വീകരിച്ചത്. മാസങ്ങളോളം ഒളിവിൽ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടിയില്ല. അഭിഭാഷക വൃത്തിക്ക് പോലും കളങ്കമാണ് നൗഷാദ് എന്ന രൂക്ഷ വിമർശനം നടത്തിയാണ് ഹൈക്കോടതി മുൻകൂർ ജാമ്യ അപേക്ഷ തള്ളിയത്. എന്നാൽ പ്രതിക്ക് സുപ്രീംകോടതി വരെ പോയി ജാമ്യം നേടാൻ ആറന്മുള പോലീസും ഉന്നത ഉദ്യോഗസ്ഥരും വഴിയൊരുക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts