Your Image Description Your Image Description

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തു നടത്തിയ പണിമുടക്ക് കേരള ജനതയെ ദ്രോഹിക്കുന്നതായി മാറിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ദേശീയ പണിമുടക്കിന്റെ പേരില്‍ നടന്ന അക്രമങ്ങള്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരിടത്തും ജനജീവിതത്തെ ‘ദേശീയ’ പണിമുടക്ക് യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.

കടംകേറി നെട്ടോട്ടമോടുന്ന കേരളത്തിന് താങ്ങാവുന്നതിലും അപ്പുറമാണ് ഈ പണിമുടക്ക് സൃഷ്ടിക്കുന്ന ആഘാതം. ‘അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്ന സാധാരണക്കാരുടെ അന്നം മുടക്കിയതല്ലാതെ എന്ത് പ്രയോജനമാണ് പണിമുടക്ക് കൊണ്ട് നേടാനായത്?’ രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനും എതിരായ പ്രതിഷേധമാണെങ്കില്‍ അത് ഡല്‍ഹിയിലും ബി.ജെ.പി. സര്‍ക്കാരുകള്‍ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും പ്രതിഫലിക്കേണ്ടതായിരുന്നു. എന്നാല്‍ അവിടെയെല്ലാം പതിവുപോലെ തന്നെ എല്ലാ കാര്യങ്ങളും നടന്നു. പണിമുടക്ക് ഉണ്ടെന്ന് ജനങ്ങള്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേരളത്തില്‍ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ.യുടെയും പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെ പെരുമാറുകയായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുറ്റപ്പെടുത്തി. സാധാരണക്കാരായ ഓട്ടോ തൊഴിലാളികളെയും ഡ്രൈവര്‍മാരെയും സര്‍ക്കാര്‍ ജീവനക്കാരെയും ഭീഷണിപ്പെടുത്തി മടക്കി അയക്കുന്നു. ജോലി ചെയ്യാന്‍ എത്തുന്നവരെ പോലും ഭയപ്പെടുത്തി പിന്തിരിപ്പിക്കുന്നു.

‘ഇതാണ് ബി.ജെ.പി. ഉയര്‍ത്തിക്കാട്ടിയ, കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ‘അപകട രാഷ്ട്രീയം’. പണിമുടക്കാന്‍ അവകാശമുള്ളതുപോലെ തന്നെ ജോലി ചെയ്യാനും അവകാശമുണ്ട് എന്നത് മറക്കരുത്. കേരളത്തില്‍ ഇടതും വലതും മുന്നണികള്‍ ജനങ്ങളെ വഞ്ചിച്ച് നാടിനെ പിന്നോട്ട് അടിക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവാണ് ഇന്നത്തെ പണിമുടക്ക്. സംസ്ഥാന വികസനത്തിന് ആപത്തുണ്ടാക്കുന്ന ഇത്തരം സമരരീതികള്‍ക്ക് അന്ത്യം കണ്ടേ മതിയാവൂ,’ രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts