Home » Blog » kerala Max » നടുറോഡിൽ മൂർഖൻ; 30 മിനിറ്റ് ഗതാഗത തടസം, വൈറലായി ദൃശ്യങ്ങൾ
snake

ബെംഗളൂരു: ഇന്നലെ വൈകുന്നേരം ബെംഗളൂരുവിലെ ഗതാഗതക്കുരുക്കില്‍ അപ്രതീക്ഷിതമായി ഒരു വിഐപി എത്തി. വിഐപിയുടെ ഈ അപ്രതീക്ഷിത എന്‍ട്രിയില്‍ മൂന്ന് മണിക്കൂറോളമാണ് ഗതാഗതം തടസപ്പെട്ടത്. ആരാണ് അതിഥിയെന്നല്ലേ?. സാക്ഷാല്‍ മൂര്‍ഖന്‍ പാമ്പ്.പാലസ് റോഡില്‍ മധ്യത്തിലായി പത്തി വിടര്‍ത്തിക്കൊണ്ടായിരുന്നു മൂര്‍ഖന്റെ കിടപ്പ്. ഏകദേശം 40 മിനിറ്റോളം മൂര്‍ഖന്‍ പാമ്പ് റോഡില്‍ തന്നെ തുടര്‍ന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ‘ബെംഗളൂരു ട്രാഫിക് ഇന്നലെ അവരുടെ ഏറ്റവും പുതിയ വിഐപിയെ കണ്ടുമുട്ടി’യെന്നായിരുന്നു ഒരാളുടെ കമന്റ്.

അരമണിക്കൂർ നീണ്ടുനില്‍ക്കുന്ന വൈകുന്നേരത്തെ ധ്യാന സെഷൻ റോഡിന്റെ മധ്യഭാഗം തന്നെയാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്ന് പാമ്പ് തീരുമാനിച്ചതായി തോന്നുന്നുവെന്ന് മറ്റൊരാള്‍ കുറിച്ചു. ബെംഗളൂരുവില്‍ ഇതുപോലൊരു ട്രാഫിക് കണ്‍ട്രോളറെയും കണ്ടിട്ടില്ലെന്ന് പലരും തമാശയായി കുറിച്ചു. ഒടുവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പാമ്പിനെ സുരക്ഷിതമായി മാറ്റിയത്. മൂര്‍ഖനെ റോഡില്‍ നിന്ന് നീക്കം ചെയ്തതിന് ശേഷം ഗതാഗതം പുനരാരംഭിച്ചു.