Home » Blog » kerala Max » ‘തർക്കം ഫോൺ വിളിയെച്ചൊല്ലി’; ഭർതൃമാതാവിനെ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച യുവതി പോലീസ് പിടിയിൽ
arrest

ഫോണ്‍ വിളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍തൃ മാതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് യുവതി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് സംഭവം. വന്ദന എന്ന ഇരുപത്തിയഞ്ചുകാരിയാണ് ഭര്‍തൃമാതാവ് ആശാ ദേവിയെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ആശാ ദേവി ഗോരഖ്പൂര്‍ എയിംസില്‍ ചികിത്സയിലാണ്. മാല്‍മലിയ ജഗ്ദീഷ്പൂര്‍ ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.പൊലീസ് പറയുന്നത് അനുസരിച്ച്, വന്ദനയുടെ ഭര്‍ത്താവ് ജയ്ഹിന്ദ് മറ്റൊരു നഗരത്തിലാണ് ജോലി ചെയ്യുന്നത്.

വന്ദന ജയ്ഹിന്ദിന്റെ അമ്മ ആശാ ദേവിയ്‌ക്കൊപ്പമായിരുന്നു താമസം. തിങ്കളാഴ്ച്ച രാത്രി വന്ദന ഫോണിലൂടെ ഒരു യുവാവിനോട് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആശാ ദേവി ഇത് ചോദ്യംചെയ്തു. ഇത് ഇരുവരും തമ്മില്‍ വലിയ തര്‍ക്കത്തിനും വാക്കേറ്റത്തിനും വഴിയൊരുക്കി. വഴക്ക് മൂത്തതോടെ വന്ദന വീട്ടിലുണ്ടായിരുന്ന കത്തിയെടുത്ത് ആശാദേവിയെ ആക്രമിക്കുകയായിരുന്നു. കത്തികൊണ്ട് ആശാ ദേവിയെ കുത്തിയ വന്ദന അവരുടെ കഴുത്ത് അറുക്കാനും ശ്രമിച്ചു.

ഗുരുതരമായി പരിക്കേറ്റ ആശാ ദേവിയെ ബന്ധുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ അവസ്ഥയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെങ്കിലും നിലവില്‍ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തുവരികയാണ്. യുവതി ഭര്‍തൃമാതാവിനെ കുത്താന്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.