Your Image Description Your Image Description

കടലുണ്ടി ഗ്രാമപഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിന് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. 94.47 ശതമാനം മാര്‍ക്ക് നേടിയാണ് പട്ടികയില്‍ ഇടം പിടിച്ചത്.

 

ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓരോ ജീവനക്കാരുടെയും മികച്ച പിന്തുണയും സേവനവുമാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ സാധിച്ചതെന്ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ പറഞ്ഞു. വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ മികച്ച സേവനമാണ് ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തില്‍ നല്‍കുന്നതെന്നും പ്രദേശവാസികള്‍ക്ക് ഏത് സമയത്തും ആശ്രയിക്കാന്‍ പറ്റുന്ന രീതിയിലേക്ക് ആശുപത്രിയിലെ സൗകര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രം, കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം, വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം, പാലക്കാട് കൊപ്പം സാമൂഹികാരോഗ്യ കേന്ദ്രം, കാസര്‍കോട് ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം, കാസര്‍കോട് പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് എന്‍ക്യുഎഎസ് അംഗീകാരം സ്വന്തമാക്കിയ മറ്റു ആശുപത്രികള്‍.

 

എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുണ്ടാവുക. അതിനുശേഷം ദേശീയ സംഘത്തിന്റെ പുനഃപരിശോധനയുണ്ടാകും. എല്ലാ വര്‍ഷവും സംസ്ഥാനതല പരിശോധനയുമുണ്ടാകും. എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവക്ക് 2 ലക്ഷം രൂപ വീതവും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ഒരു പാക്കേജിന് 18,000 രൂപ വീതവും മറ്റു ആശുപത്രികള്‍ക്ക് ഒരു കിടക്കക്ക് 10,000 രൂപ എന്ന നിലയിലും വാര്‍ഷിക ഇന്‍സന്റീവ് ലഭിക്കും.

Related Posts