
സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ തിരുവനന്തപുരം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇടിമിന്നലോട് കൂടിയ അതിതീവ്ര മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ഇതിന് പുറമെ ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്. ഈ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കി.മീ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കാം. അതേസമയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റോടു കൂടി നേരിയതോ ഇടത്തരമോ ആയ മഴ ലഭിച്ചേക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.
