
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 6-ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്താനുള്ള ‘ഇന്ത്യ’ സഖ്യത്തിന്റെ തീരുമാനത്തെ രൂക്ഷമായി പരിഹസിച്ച് ബിജെപി. പ്രതിപക്ഷത്തിന്റെ ഈ നീക്കം ജനാധിപത്യം സംരക്ഷിക്കാനല്ലെന്നും മറിച്ച് തങ്ങളുടെ കുടുംബാധിപത്യം സംരക്ഷിക്കാനാണെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു. യോഗം ചേരുന്നതിന് മുൻപ് തന്നെ ‘ഇന്ത്യ’ മുന്നണി പൊളിഞ്ഞുവെന്നും, അരവിന്ദ് കെജ്രിവാൾ, എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രമുഖ നേതാക്കൾ വിട്ടുനിന്നത് ഇതിന് തെളിവാണെന്നും അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജനാധിപത്യം സിന്ദാബാദെന്നും തോറ്റാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മുർദാബാദെന്നും വിളിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പെന്നും ചൗഹാൻ വിമർശിച്ചു.
അതേസമയം, ഗ്യാനേഷ് കുമാറിന്റെ രാജിക്കായി ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാനാണ് ഡൽഹിയിൽ ചേർന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ നിർണായക യോഗത്തിൽ തീരുമാനമായത്. ഒക്ടോബർ 6-ന് പ്രതിപക്ഷ എംപിമാർ നടത്തുന്ന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിന് പുറമെ, വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാനും ഒക്ടോബർ രണ്ടാം വാരം രാഷ്ട്രപതിയെ കാണാൻ അനുമതി തേടാനും യോഗം തീരുമാനിച്ചു. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. ഓൺലൈനായി ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും പങ്കെടുത്ത യോഗത്തിൽ ഒറ്റക്കെട്ടായി മുന്നോട്ട് പോകാൻ ധാരണയായി.
തിരഞ്ഞെടുപ്പ് കമ്മീഷനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് പാവയെപ്പോലെ ഉപയോഗിക്കുകയാണെന്ന് യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. കമ്മീഷന്റെ പക്ഷപാതിത്വത്തിനെതിരെയും ജനാധിപത്യ ധ്വംസനത്തിനെതിരെയും നവംബർ 1-ന് ഡൽഹിയിൽ വെച്ച് പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചണിനിരക്കുന്ന ബഹുജന ‘ജനാധിപത്യ സംരക്ഷണ റാലി’ നടത്തുമെന്നും ഖാർഗെ പ്രഖ്യാപിച്ചു.
