Your Image Description Your Image Description

ചെന്നൈ: തമിഴ്നാട്ടിൽ തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ യുവാവ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവത്തിൽ അഞ്ചു പൊലീസുകാർ അറസ്റ്റിൽ. മടപ്പുറം ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരൻ ബി.അജിത് കുമാർ(27) ആണ്‌ മരിച്ചത്. ഇയാളുടെ തലയിലും നെഞ്ചിലും ഉൾപ്പെടെ ഒന്നിലധികം പരിക്കുകൾ ഉണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെയാണ് പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്ത് നടന്ന ഒരു സ്വർണ്ണാഭരണ മോഷണക്കേസുമായി ബന്ധപ്പെട്ടാണ് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

അജിത് കുമാറിന്റെ മരണത്തിൽ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും സർക്കാർ അറിയിച്ചു. മദപുരം ഭദ്രകാളി അമ്മൻ ക്ഷേത്രത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച അജിത് കുമാർ. ക്ഷേത്രത്തിന് സമീപം കാർ പാർക്ക് ചെയ്യാനായി അജിത്തിന് താക്കോൽ നൽകുകയും ചെയ്തു. എന്നാൽ ഇതിന് പിന്നാലെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്നും സ്ത്രീ പരാതി നൽകി.

തുടർന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അജിത് കുമാറിനെ മർദിച്ചതായാണ് കുടുംബാംഗങ്ങളുടെ ആരോപണം. അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ജൂൺ 29 ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ അജിത് മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പൊലീസ് ക്രൂരതയാണ് മകന്റെ മരണത്തിന് പിന്നിലെന്ന് അജിത് കുമാറിന്റെ കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.

സംഭവത്തിൽ സര്‍ക്കാറിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. 2021 ല്‍ ഡിഎംകെ സർക്കാർ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് 24 പൊലീസ് കസ്റ്റഡി മരണങ്ങളുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഡിഎംകെ സർക്കാറിന്റെ കീഴിലുണ്ടായിരുന്ന കസ്റ്റഡി മരണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എഐഎഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts