
ടൈം മാസികയുടെ പ്രഥമ ‘ടൈം 100 നെക്സ്റ്റ് ഇന്ത്യ 2026’ പട്ടികയിൽ ഇടംനേടി മലയാള സിനിമാതാരങ്ങളായ പാർവതി തിരുവോത്ത്, കനി കുസൃതി, ദുൽഖർ സൽമാൻ എന്നിവർ. നയൻതാരയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്ന വിവിധ മേഖലകളിലെ പുതിയ തലമുറയിലെ സ്വാധീനശക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ടൈം മാസിക പട്ടിക പുറത്തിറക്കിയത്. സിനിമാ മേഖലയിലെ ശ്രദ്ധേയമായ സംഭാവനകളും ശക്തമായ ഇടപെടലുകളുമാണ് മലയാളി താരങ്ങളെ നേട്ടത്തിന് അർഹരാക്കിയത്.
‘ഫീനോംസ്’ വിഭാഗത്തിലാണ് പാർവതി തിരുവോത്ത് ഇടംനേടിയത്. താരത്തിന്റെ ധീരമായ നിലപാടുകളെയും സിനിമയിലെ ഇടപെടലുകളെയും പ്രശംസിച്ച് ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ടൈം മാസികയിൽ കുറിപ്പ് എഴുതിയത്. ശരിയുടെ പക്ഷത്ത് സംസാരിച്ചതിന് നിരവധി അവസരങ്ങൾ നഷ്ടമായിട്ടും പാർവതി നിലപാടുകളിൽ ഉറച്ചുനിന്നുവെന്ന് റിച്ച ഛദ്ദ അഭിപ്രായപ്പെട്ടു. സിനിമയിലെ സ്ത്രീകൾക്ക് പാർവതിയെപ്പോലൊരു വ്യക്തി നൽകുന്ന പ്രചോദനം വലുതാണെന്നും അവർ കുറിച്ചു.
‘ആർട്ടിസ്റ്റ്സ്’ വിഭാഗത്തിലാണ് കനി കുസൃതിയും ദുൽഖർ സൽമാനും ഇടംപിടിച്ചത്. ദുൽഖറിന്റെ സിനിമാ തിരഞ്ഞെടുപ്പുകളെയും സ്വന്തം ഇടം കണ്ടെത്തിയ രീതിയെയും ബോളിവുഡ് താരം അനിൽ കപൂർ പ്രശംസിച്ചു. മമ്മൂട്ടിയുടെ മകനെന്ന നിലയിലുള്ള വലിയ പ്രതീക്ഷകൾക്കിടയിലും തന്റേതായ വഴി കണ്ടെത്താൻ ദുൽഖറിന് കഴിഞ്ഞുവെന്നും പുതിയ പ്രതിഭകളെയും മികച്ച കഥകളെയും പിന്തുണയ്ക്കുന്ന നിർമ്മാതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണെന്നും അനിൽ കപൂർ കുറിച്ചു
